വെള്ളറട: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക് ഡൗണിന്റെ രണ്ടാം ദിവസം മലയോര മേഖലകൾ നിശ്ചലമായി. പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് ഏറെ തിരക്കനുഭവപ്പെടുന്ന അതിർത്തി മേഖലയിലെ പനച്ചമൂട്, കന്നുമാംമൂട്, കുന്നത്തുകാൽ, കുറുനാട്, കീഴാറൂർ, ചെമ്പൂര് തുടങ്ങിയ പ്രദേശങ്ങളിൽ ജനത്തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞത്. ഒപ്പം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകുന്നതും വ്യാപാര കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരക്കോണം, പനച്ചമൂട്, പാലിയോട്, കിഴാറൂർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ മടക്കി അയക്കുന്നുണ്ട്. കുന്നത്തുകാൽ പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണിൽ തുടരുന്നതിനാൽ യാത്രക്കർക്ക് നിയന്ത്രണമുണ്ട്.