തിരുവനന്തപുരം: കൊവിഡിന് പിന്നാലെ, ചെെനയുടെ റോക്കറ്റ് ഭീമനും മനുഷ്യരെ കൊല്ലുമോ എന്ന ഭീതി നീങ്ങി. ഭൂമിക്കു മീതേ തീഗോളമായി കുതിച്ചു വന്ന അത് ഇന്നലെ രാവിലെ 10.24ഒാടെ മാലിദ്വീപിനടുത്ത് കടലിൽ വീണൊടുങ്ങി. ലോകം ആശ്വസിച്ചു, ആളപായമില്ല.
ഏപ്രിൽ 29ന് ചെെനയുടെ ടിയാൻഹെ ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളുമായി വിക്ഷേപിച്ച ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഒന്നാം ഘട്ടമാണ് നിയന്ത്രണം വിട്ട് ഭൂമിയിൽ പതിച്ചത്. 98അടി നീളവും 16.5 അടി വ്യാസവും 21,000 കിലോ ഭാരവുമുള്ള റോക്കറ്റാണിത്. ഒരാഴ്ചയായി ലക്കും ലഗാനുമില്ലാതെ ഭൂമിയെ ചുറ്റിയ ഭീമൻ ജനവാസകേന്ദ്രങ്ങളിൽ പതിക്കുമോ എന്നായിരുന്നു ആധി. അതുകൊണ്ടുതന്നെ ചൈനീസ് സ്‌പേസ് സെന്ററും അമേരിക്കയുടെ നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുമെല്ലാം ഇതിനെ ഇമവെട്ടാതെ നിരീക്ഷിക്കുകയായിരുന്നു.
പതനം ഇങ്ങനെ
@രാവിലെ 7.54ന് ഭൗമാന്തരീക്ഷത്തിൽ
@ പ്രവേശനം ഇസ്രയേലിനും അറേബ്യയ്‌ക്കും മീതേ
@തീഗോളമായി ഭൂമിയിലേക്ക്
@വേഗത സെക്കൻഡിൽ 13.7കിലോമീറ്റർ
@ചരിഞ്ഞ സഞ്ചാരപഥം
@ദിശ ഇന്ത്യയുടെ 700 കിലോമീറ്റർ തെക്കുപടിഞ്ഞാറ്
@കത്തി തീരാത്ത ഭാഗം കടലിൽ പതിച്ചു
@വീണത് മാലിദ്വീപിന്റെ പടിഞ്ഞാറെ ദ്വീപിനടുത്ത്.
@ഷട്ടിൽ സർവീസ്
ഇന്ത്യയുടെ ജി.എസ്.എൽ.വിയും അമേരിക്കയുടെ ഫാൽക്കണും പോലെയുള്ള ചെെനയുടെ വിക്ഷേപിണിയാണ് ലോംഗ് മാർച്ച്. ഭാവിയിൽ ബഹിരാകാശ നിലയത്തിൽ ആളെ ഇറക്കി തിരിച്ചുവരാനുള്ള ദൗത്യം. തിരിച്ചു കൊണ്ടുവരാനുള്ള ഡി ഒാർബിറ്റ്, കോർ കൺട്രാളിംഗ് സങ്കേതത്തിൽ ചെെനയ്ക്ക് വൈദഗ്ദ്ധ്യം പോര. അതാണ് പിഴച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകത്തെ അപകടത്തിലാക്കുന്ന കൈവിട്ട പരീക്ഷണങ്ങൾക്ക് ചെെനയ്ക്കെതിരെ രൂക്ഷമായ അന്താരാഷ്ട്ര വിമർശനം ഉയർന്നിട്ടുണ്ട്.
2018ൽ ചെെനയിലെ യുഹാൻ പ്രവിശ്യയിലും കഴിഞ്ഞവർഷം ആഫ്രിക്കയിലെ ഐവറികോസ്റ്റിലും ലോംഗ് മാർച്ച് വീണ് നാശമുണ്ടായിരുന്നു.
@ഉഗ്രശേഷിയുള്ള കോർ എൻജിൻ
റോക്കറ്റിന് രണ്ടോ മൂന്നോ എൻജിനുകളുണ്ടാകും. അഗ്രഭാഗത്താവും ഉപഗ്രഹം. അടിയിലുള്ള കോർ എൻജിനിൽ ഭൂഗുരുത്വ ബലത്തെ മറികടക്കാനുള്ള അതിശക്തമായ കുതിപ്പിനുള്ള ഇന്ധനമാണ്. ഇന്ത്യൻ റോക്കറ്റുകളുടെ കോർ ഭാഗം വിക്ഷേപണത്തിൽ എരിഞ്ഞു തീരും. ഫാൽക്കൺ പോലുള്ള പുനരുപയോഗ റോക്കറ്റുകളുടെ കോർ ഭൂമിയിൽ തിരിച്ചുവരും. ഇതിനായി ഡീഒാർബിറ്റ്, കോർ കൺട്രോളിംഗ് സങ്കേതം ഉപയോഗിക്കും. ചെറിയ എൻജിനുകൾ ജ്വലിപ്പിച്ചും, പാരച്യൂട്ടും മറ്റും ഉപയോഗിച്ചും ഗതിയും വേഗതയും നിയന്ത്രിച്ചാണ് ഭൂമിയിൽ തിരിച്ചിറക്കുന്നത്. ഫാൽക്കണിന് വിമാനത്തിന്റെ ലാൻഡിംഗ് മെക്കാനിസം ഉണ്ട്. ഇന്ത്യയുടെ ഗഗൻയാൻ മനുഷ്യ ദൗത്യത്തിലും പേടകം ഭൂമിയിലേക്ക് തിരിച്ചുവരും. ഇതിന്റെ ആദ്യഘട്ടം വിജയകരമായി പരീക്ഷിച്ചിരുന്നു.
# ബഹിരാകാശ അപകടങ്ങൾ
1979:സ്കൈലാബ് നിലയം- അമേരിക്ക
1991: സല്യൂട്ട് 7 നിലയം -റഷ്യ
2003: കൊളംബിയ സ്പെയ്സ് ഷട്ടിൽ- അമേരിക്ക
2021: ലോംഗ് മാർച്ച് 5ബി. റോക്കറ്റ് -ചെെന