may09a

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 27 പേരാണ് രോഗം ബാധിച്ച് ആറ്റിങ്ങൽ നഗരസഭ പരിധിയിൽ മരിച്ചത്. ഇന്നലെ കൊട്ടിയോട് ഷൈമ നിവാസിൽ രാമചന്ദ്രൻ (49) രോഗം ബാധിച്ച് മരിച്ചതോടെയാണ് എണ്ണം 27 ആയത്. ദിവസവും മരണം സംഭവിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. രാമചന്ദ്രന് രോഗലക്ഷണമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം 24 ന് വലിയകുന്ന് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഠിനമായ അസ്വാസ്ഥ്യമുണ്ടായതിനാൽ 25 ന് രാവിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ വച്ചായിരുന്നു അന്ത്യം. വാർഡ് കൗൺസിലർ ആർ. രാജു നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി എന്നിവരുടെ നിർദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ വോളന്റിയർമാർ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി നഗരസഭ ശാന്തി തീരം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസിനു സമീപം സാന്ദ്ര ബേക്കറി നടത്തി വരികയായിരുന്നു ഇദ്ദേഹം.

രോഗവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തിൽ ജനം അതീവ ജാഗ്രത പാലിക്കണമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു. ആറ്റിങ്ങൽ പട്ടണം ലോക്ക് ഡൗണിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നിശ്ചലമായി. കടകമ്പോളങ്ങൾ മിക്കതും അടഞ്ഞു കിടന്നു. അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് ഓടിയത്. അവയ്ക്കും കർശനമായ പൊലീസ് ചെക്കിംഗുണ്ടായത്.

ഗ്രാമീണ മേഖലയിൽ പലവ്യഞ്ജന കടകളും പച്ചക്കറിക്കടകളും ചില മുറുക്കാൻ കടകളും മാത്രമാണ് തുറന്നത്. ആളുകൾ എത്താത്തതിനാൽ അവയും ഉച്ചയോടെ അടച്ചു. ലോക്ക് ഡ‌ൗൺ പ്രഖ്യാപിച്ച അന്നുതന്നെ ആളുകൾ ആവശ്യ സാധനങ്ങൾ വാങ്ങിയിരുന്നു. അതിനാലാണ് കടകളിൽ തിരക്ക് കുറഞ്ഞത്. ഹോട്ടലുകൾ തുറന്നില്ല. അതുകൊണ്ടുതന്നെ ഭക്ഷണ സാമഗ്രികളുടെ വീടുതോറുമുള്ള സപ്ലേയും മുടങ്ങി. വരും ദിവസങ്ങളിൽ പരിശോധന കർശന മാക്കുമെന്ന് പൊലീസ് പറഞ്ഞു.