alozhinja-veedu

കല്ലമ്പലം: 20ലധികം പേരടങ്ങുന്ന സംഘം ജോഷിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പെരുംകുളം മിഷൻ കോളനിയിലെ നാട്ടുകാർ. ഇന്നലെ രാവിലെ 9ഓടെ രണ്ടുതവണ പടക്കംപൊട്ടുന്ന ശബ്ദം കേട്ടത് എന്തിനാണെന്ന് നാട്ടുകാർ ചിന്തിച്ചിരിക്കുമ്പോഴാണ് ജോഷിയുടെ കൊലപാതക വാർത്തയെത്തിയത്.

അക്രമിസംഘം വളഞ്ഞപ്പോൾ രക്ഷപ്പെടാനായി ജോഷി അവർക്കുനേരെ പടക്കം എറിഞ്ഞതായിരുന്നു കേട്ട ശബ്ദം. അക്രമി സംഘത്തിന്റെ വെട്ടേറ്റ് വീണ ജോഷിയുടെ കൈയിലിരുന്ന് പടക്കം പൊട്ടി കൈപ്പത്തിയും തകർന്നു.

കഞ്ചാവ് ലോബികളുടെ കുടിപ്പകയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്.

മോഷണ കേസുകളിൽപ്പെട്ട ജോഷിയെ നേർവഴിക്ക് നയിക്കാൻ ആരും ശ്രമിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സ്‌നേഹത്തോടെയാണ് ജോഷി ഇടപെട്ടിരുന്നതെന്നും ഇവർ പറയുന്നു.

മോഷണക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലിൽ വച്ചുണ്ടായ സൗഹൃദ വലയമാണ് ജോഷി കൂടുതൽ കുറ്റകൃത്യങ്ങളിൽപ്പെടാൻ കാരണമായത്. തുരുതുരാ വെട്ടി മരണം ഉറപ്പുവരുത്തിയശേഷമാണ് അക്രമിസംഘം മടങ്ങിയത്. വാർത്തയറിഞ്ഞ് പൊലീസ് വാഹനങ്ങൾ കോളനിയിലേക്ക് ചീറിപ്പാഞ്ഞതോടെ ജനങ്ങൾ ഭീതിയിലായി. ലോക്ക്ഡൗണായാതിനാൽ ആരും പുറത്തിറങ്ങാതെ അകത്തുതന്നെയിരുന്നു. എന്നാൽ എന്താണ് സംഭാവിച്ചതെന്ന് വൈകിയാണ് കോളനിയിലുള്ളവർക്ക് മനസിലായത്.

വീടിനോട് ചേർന്ന് പച്ചക്കറി,​ പലചരക്ക് കച്ചവടം നടത്തുന്ന പ്രാഞ്ചി എന്ന ഫ്രാൻസിസിന്റെ മൂത്ത മകനാണ് ജോഷി. മകൻ ആശുപത്രിയിലാണെന്ന് മാത്രമേ മാതാവ് ഡാളിയോട് പറഞ്ഞിട്ടുള്ളൂ. സംഭവ സമയം മുതൽ മകനെയും കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ആ വൃദ്ധ മാതാവ്.

ആൾതാമസമില്ലാത്ത

വീട്ടിൽ ഒത്തുച്ചേരൽ

ജോഷിയുടെ വീടിന് സമീപത്തായുള്ള ആൾതാമസമില്ലാത്ത വീട്ടിലായിരുന്നു ജോഷിയും സുഹൃത്തുക്കളും പലപ്പോഴും ഒത്തുകൂടിയിരുന്നത്. മുൻവശം അടച്ചിട്ടിരിക്കുന്ന വീടിന്റെ പിറകുവശത്തെ വാതിലുകൾ പൊളിഞ്ഞുകിടക്കുകയാണ്. ഈ വീട്ടിൽ ജോഷിയെയും മറ്റ് പലരെയും കാണാറുണ്ടായിരുന്നെന്ന് നാട്ടുപാർ പറയുന്നു. ഇവിടെവച്ച് കഞ്ചാവ് വില്പന നടത്തിയിരുന്നെന്നും സംശയിക്കുന്നു.