general

ബാലരാമപുരം: തിര‌ഞ്ഞെടുപ്പ് ചൂട് മാറിയെങ്കിലും മരാമത്തിന്റെ റോഡ് നവീകരണം അവതാളത്തിൽ തന്നെ. കഴിഞ്ഞ മൂന്ന് മാസമായി ജില്ലയിൽ മരാമത്ത് ജോലികൾ നിറുത്തിവച്ചിരിക്കുകയാണ്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ ഭൂരിഭാഗം റോഡുകൾ നവീകരിച്ചെന്ന് സർക്കാർ അവകാശവാദമുന്നയിക്കുന്നെങ്കിലും ഉച്ചക്കട-പയറ്റുവിള-നെല്ലിമൂട് റോഡ് നവീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രണ്ടു വർഷം മുമ്പ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സാങ്കേതികാനുമതിയും ലഭിച്ച പയറ്റുവിള –നെല്ലിമൂട് റോഡിന്റെ നിർമ്മാണജോലികൾ തടസ്സപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു. നാട്ടുകാരുടേയും സന്നദ്ധസംഘടനകളുടേയും വിവിധ രാഷ്ട്രീയപാർട്ടികളുടേയും പരാതിയുയർന്നെങ്കിലും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. ബി.എം.ആൻഡ് ബി.സി പദ്ധതിയിൽ ദീർഘകാലസുരക്ഷിതത്വം ഉറപ്പുവരുത്തി റോഡിന്റെ നവീകരണത്തിനായി മൂന്നരക്കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പണി പൂർത്തിയാക്കിയ നാല് ബില്ലുകൾ മരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും ഇതേവരെ തുക പാസ്സാക്കിയില്ലെന്നാണ് കരാറുകാരന്റെ പരാതി. ബില്ലുകളെല്ലാം ട്രഷറിയിലെ ചുവപ്പുനാടയിൽ കുരുങ്ങിയ സ്ഥിതിയാണ്.

അപകടങ്ങളും പതിവ്

കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് ചെലവാക്കാൻ അനുമതി വന്നതോടെ വിവിധ വകുപ്പുകളുടെ ധനവിനിയോഗവും മന്ദഗതിയിലായിരിക്കുകയാണ്. ഉച്ചക്കട മുതൽ നെല്ലിമൂട് വരെ റോഡിലെ അപകടക്കുഴികൾ യാത്രക്കാർക്ക് വെല്ലുവിളിയായിമാറിയിരിക്കുകയാണ്. നെല്ലിമൂട് പയറ്റുവിള റോഡിൽ നെല്ലിമൂടിന് സമീപം റോഡിന് കുറുകെ ഓടനിർമ്മിച്ച് ടാറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചതുമൂലം വൻ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ രാത്രികാലങ്ങളിൽ അപകടവും പതിവാണ്.

തുക അനുവദിച്ചാൽ പണി ഉടൻ

റോഡിന്റെ ടാറിംഗ് ഉടൻ ആരംഭിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിലും മാസങ്ങളായി നിർമ്മാണജോലികൾ തടസ്സം നേരിടുകയാണ്. മഴക്കാലമെത്തിയതോടെ റോഡ് പൂർണമായും തകർച്ചാഭീഷണി നേരിടുകയാണ്. മുടങ്ങിയ ബിൽ തുകകൾ ട്രഷറി വഴി അനുവദിച്ചാൽ എത്രയും വേഗം ടാറിംഗ് തുടങ്ങാനാകുമെന്നാണ് കരാറുകാരൻ പറയുന്നത്. റോഡ് പണി അവതാളത്തിലായതോടെ വി.എസ്.ഡി.പി നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ

* പയറ്റുവിള –നെല്ലിമൂട് റോഡിൽ ഓടയുടെയും സൈഡ് വാളിന്റെയും നിർമ്മാണം പൂർത്തിയായി.

* ടാറിംഗ് ആരംഭിക്കാനിരിക്കെ ബില്ലുകൾ മാറിയില്ലെന്ന കാരണത്താൽ പണികൾ വൈകിപ്പിക്കുന്നു

* ആദ്യഘട്ടത്തിലെ നാല് ബില്ലുകൾ മരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും ഇതുവരെ തുക പാസ്സാക്കിയില്ലെന്ന് കരാറുകാരൻ

ഉച്ചക്കട –പയറ്റുവിള –നെല്ലിമൂട് റോഡിലെ അപകടക്കുഴികൾ വാഹനയാത്രികർക്ക് മരണക്കെണിയൊരുക്കുകയാണ്. നാല് മാസം മുമ്പ് പണി പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയെങ്കിലും പാഴ്വാക്കായിമാറി. നിരവധി സ്ഥലങ്ങളിൽ ടാർ പൂർണമായി ഒലിച്ച് റോഡ് തകർന്ന നിലയിലാണ്. അടിയന്തരമായി റോഡ് നവീകരിക്കണം. അല്ലാത്ത പക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോകും

പുലിയൂർക്കോണം ഷാജി,​ വി.എസ്.ഡി.പി ജില്ലാ സെക്രട്ടറി.