g

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗൺ കർശനമാക്കിയിട്ടും പിടിവിടാതെ കൊവിഡ്. ക‌ർശന നിയന്ത്രണം തുടർന്നിട്ടും ഇന്നലെയും രോഗികളുടെ എണ്ണം നാലിയിരത്തിന് മുകളിലേക്ക് കുതിച്ചത് ആശങ്ക വർദ്ധിപ്പിച്ചു. 4,240 പേർക്ക് കൊവിഡ് ബാധിച്ചതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38, 079 ആയി ഉയർന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 ശതമാനമായി കുറഞ്ഞെങ്കിലും ആശങ്ക ഒഴിവായിട്ടില്ല. 2,632 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിൽ പുതുതായി 6,280 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 92,304 ആയി. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,706 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

പൊലീസ് സേനയിലും കൊവിഡ്

കൊവിഡിനെ പിടിച്ചുകെട്ടാൻ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന പൊലീസ് സേനയിലും രോഗബാധിതരുടെയെണ്ണം കൂടുന്നു. ജില്ലയിൽ 200ഓളം പൊലീസുകാ‌ർ കൊവിഡ് ബാധിതരും അഞ്ഞൂറോളം പേർ നിരീക്ഷണത്തിലുമാണെന്നാണ് വിവരം. പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് ആളെ കണ്ടെത്താൻ വിഷമിക്കുകയാണ്. എന്നാൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിലടക്കം മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ആളകലം പാലിക്കാനാവാത്ത ജോലി കൂടുന്നതിൽ രോഗവ്യാപനവും കൂടിയേക്കാമെന്നാണ് ആശങ്ക. അതൊഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങളോ ഡ്യൂട്ടി ക്രമീകരണങ്ങളോ ഇല്ലെന്ന പരാതി വ്യാപകമാണ്.