desheeyapatha

പാറശാല: ദേശീയപാതയിൽ അതിർത്തി മേഖലയായ പാറശാല മുതൽ ബാലരാമപുരം വരെ രൂപപ്പെട്ടിട്ടുള്ള അപകട കുഴികൾ കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപാണ് ദേശീയ പാത റബറൈസ്ഡ് ടാർ ചെയ്‌ത് സഞ്ചാരയോഗ്യമാക്കിയത്. പിന്നീട് റോഡിന്റെ പല ഭാഗങ്ങളിലായി കുഴികൾ രൂപപ്പെട്ടിരുന്നു. ഇവ ശാസ്ത്രീയമായ രീതിയിലോ വേണ്ടത്ര പരിശോധനകളോ കൂടാതെയാണ് നികത്തിയത്. ഇത് കാലക്രമേണ പൊടിയുന്നതായാണ് പരാതി. അറ്റകുറ്റപ്പണി നടത്തുന്ന ഭാഗം അടുത്ത മഴയോടെതന്നെ ഇളകി മാറുകയാണ് ചെയ്യുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളും പി.ഡബ്ള്യു.ഡി യുടെ വക റോഡുകളും റബറൈസിഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കുമ്പോൾ ആണ് അതീവ പ്രാധാന്യമുള്ളതും ഏറെ സുഗമമാക്കേണ്ടതുമായ ദേശീയ പാത കുണ്ടും കുഴികളും നിറഞ്ഞ് അപകടാവസ്ഥയിൽ തുടരുന്നത്. കുഴികളിൽ വീണ് നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ കുഴികളിൽ വീണ് ഉണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പോലിഞ്ഞത്‌. ദേശീയ പാതയുടെ പ്രാധാന്യത്തെക്കുറിച്ച് ഉത്തമ ബോധമുള്ളതും ഉത്തരവാദപ്പെട്ടതുമായ അധികൃതരുടെ അനാസ്ഥ തന്നെയാണ് ദേശീയപാതയുടെ ദുരവസ്ഥക്കും കാരണക്കാർ. തുടരെത്തുടരെ പല തവണ റോഡിന്റെ ഉപരിതലത്തിൽ അശാസ്ത്രീയ രീതിയിൽ കുഴി അടച്ചത് തന്നെയാണ് റോഡിന്റെ തകർച്ചക്കും കാരണം.

അപകട കുഴികൾ ഇവിടെ

കാരാളി ജംഗ്‌ഷൻ, പോസ്റ്റ് ഓഫീസ് ജഗ്‌ഷൻ, കുറുങ്കുട്ടി, ഇടിച്ചക്കപ്ലാമൂട്, പരശുവയ്ക്കൽ, കൊറ്റമം, ഉദിയൻകുളങ്ങര, അമരവിള താന്നിമൂട് ജംഗ്‌ഷൻ, അമരവിള പാലം, നെയ്യാറ്റിൻകര ഗ്രാമം ജംഗ്‌ഷൻ, നെയ്യാറ്റിൻകര ടൗൺ, ആലുംമൂട്, ടി.ബി.ജംഗ്‌ഷൻ, മൂന്ന്കല്ലിൻമൂട്, ആറാലുംമൂട്, ബാലരാമപുരം

* നവീകരണം അനിവാര്യം

ഓരോ വർഷവും ശാസ്ത്രീയമായ രീതിയിൽ റോഡിന്റെ ഉപരിതലം വിലയിരുത്തിയ ശേഷം വേണ്ടത്ര അറ്റകുറ്റപ്പണികൾ നടത്തിയാൽ പതിനായിരങ്ങൾ മാത്രം ചെലവാക്കേണ്ടി വരൂ എന്നിരിക്കെ വാഹന യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടുകൾക്കും അപകടങ്ങൾക്കും ശേഷമായിരിക്കും അധികൃതർ നടപടികൾ സ്വീകരിക്കുക. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ള മരാമത്ത് പണികൾ മഴക്കാലത്തിന് മുൻപ് തന്നെ പൂർത്തീകരിക്കേണ്ടതാണെങ്കിലും ഇടവപ്പാതിക്ക് ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ അനങ്ങാപ്പാറ നയം തുടരുകയാണ് ചെയ്യുന്നത്.