തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടാൽ ആശുപത്രി ബില്ല് പൂർണമായി അടയ്ക്കുന്നതുവരെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാതിരിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഈ പ്രവണത ജില്ലയിൽ നിരോധിച്ചതായും ഇക്കാര്യം വ്യക്തമാക്കി ദുരന്ത നിവാരണ നിയമത്തിലെ 26, 30, 34 വകുപ്പുകൾ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായും കളക്ടർ അറിയിച്ചു. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ഭീമമായ തുക പലപ്പോഴും രോഗികളുടെ ബന്ധുക്കൾക്ക് താങ്ങാവുന്നതിലുമേറെയാണ്. രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബന്ധുക്കളെ കൃത്യമായി ബോധ്യപ്പെടുത്തേണ്ടത് ആശുപത്രി അധികൃതരുടെ ഉത്തരവാദിത്തമാണെന്നും കളക്ടർ വ്യക്തമാക്കി.