
ചിറയിൻകീഴ്: കൊവിഡ് പ്രതിസന്ധിക്കിടെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറി വിലവർദ്ധന. ഒറ്റ ദിവസം കൊണ്ടാണ് ഓരോന്നിനും 5 രൂപ മുതൽ 10 രൂപ വരെ വില വർദ്ധിച്ചത്. വില നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ നാമമാത്രമായിരിക്കെ കടുത്ത വെല്ലുവിളിയാണ് ജനം നേരിടുന്നത്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണും കാലാവസ്ഥവ്യതിയാനത്തെ തുടർന്നുണ്ടായ ശക്തമായ മഴയും പച്ചക്കറിയുടെ നാശനഷ്ടവും പച്ചക്കറി വില ഉയരുന്നതിന് കാരണമായി.
ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാർക്ക് വിലക്കയറ്റം വെല്ലുവിളിയാവുകയാണ്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്ന പച്ചക്കറികളുടെ അളവ് ഗണ്യമായി കുറഞ്ഞു. പ്രാദേശിക ഉത്പാദനവും കാര്യക്ഷമമല്ല. നിത്യ മാർക്കറ്റിൽ ആവശ്യത്തിന് ചരക്ക് എത്തിക്കാനാവാത്തത് പച്ചക്കറി മൊത്ത കച്ചവടക്കാർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ചരക്കുമായി കേരളത്തിലെത്താൻ ലോറിത്തൊഴിലാളികൾ മടിക്കുന്നതും ക്ഷാമത്തിന് കാരണമാണ്. ജില്ലകളിൽ പ്രധാന മാർക്കറ്റുകളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ആവശ്യമായത്ര പച്ചക്കറികൾ എത്തുന്നില്ല. വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യതന്യായമായ നിരക്കിൽ ഉറപ്പാക്കാനുള്ള സമീപനം അധികാരികളിൽ നിന്നുണ്ടാവണം എന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
നോമ്പുകാലമായതിനാൽ പച്ചക്കറിക്ക് മാത്രമല്ല പഴ വർഗങ്ങൾക്കും തീ പിടിച്ച വിലയാണ്.
നാളെ മുതൽ തമിഴ്നാട്ടിൽ ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റും
ചിക്കനും വില കുതിക്കുകയാണ് - കിലോയ്ക്ക് - 150 രൂപ
പച്ചക്കറി : ഇനം, പഴയ വില പുതിയ വില
വെണ്ട - 20 - 30 രൂപ
കത്തിരിക്ക - 15- 20
ബീൻസ് - 30- 40
തക്കാളി - 20- 30
മുരിങ്ങക്ക - 35-50
തൊണ്ടൻ മുളക് - 40 - 60
പച്ചമുളക് - 30-60
വെള്ളരി - 10- 10
ബീറ്റ്റൂട്ട് - 20_25
പാവയ്ക്ക - 30-45
കാബേജ് - 20- 30
നേന്ത്രക്കായ - 20 - 35
ഇഞ്ചി- 80- 100
സവാള - 20- 30
ചെറിയ ഉള്ളി - 40 - 50
പഴവർഗം
ഓറഞ്ച് കിട്ടാനില്ല; ലഭിക്കുന്നത് മുസംബി - കിലോ -110 രൂപ
ആപ്പിൾ - 180
മുന്തിരി - 120
പൈനാപ്പിൾ - 30.