mango

കുറ്റ്യാടി: കല്ലെറിഞ്ഞും മരത്തിൽ വലിഞ്ഞുകേറിയും മാങ്ങ പറിച്ച് നടന്ന കുട്ടികളൊന്നും ഇന്ന് സ്കൂളിന്റെ പടി ചവിട്ടാറേയില്ല. ഇതോടെ വട്ടോളി ഗവ. യു.പി. സ്‌കൂൾ മുറ്റം നിറയെ മാങ്ങകൾ വീണ് മണ്ണടിയുകയാണ്. മാവുകളിൽ കായ്ച്ചിരിക്കുന്ന മാങ്ങകൾ തിന്നാനും ഇന്നിവിടെ ആരും ഏത്താറേയില്ല. ഒരു വർഷത്തിലേറെ നീണ്ട കൊവിഡ് കാലമാണ് കണ്ണീരോർമ്മയാകുന്നത്.

ഒരു വർഷത്തിന് മുൻപ് വരെ മാവ് പൂത്ത് ഉണ്ണിമാങ്ങയാകുമ്പോൾ തന്നെ കുട്ടികൾ മാവിൻ ചുവട്ടിൽ തന്നെയായിരിക്കും. വീണു കിടക്കുന്ന ഉണ്ണിമാങ്ങ പെറുക്കിയും എറിഞ്ഞു വീഴ്ത്തിയും തല്ലി കൊഴിച്ചും അവർ ബഹളം വെക്കും. അദ്ധ്യാപകർ ശകാരിച്ചാൽ മാത്രമെ കുട്ടികൾ ക്ലാസിൽ കയറൂ. ഇന്നിപ്പോൾ ഉണ്ണി മാങ്ങ പെറുക്കലൊക്കെ ഏത് കാലത്ത് നടക്കും എന്നാണ് ചോദ്യം.
മുൻ കാലങ്ങളിൽ സ്‌കൂൾ പൂട്ടാറാവുമ്പോൾ സ്‌കൂൾ മുറ്റത്ത് മാങ്ങയും ഇലകളും ഒഴിഞ്ഞ മാവ് മാത്രമേ ബാക്കി കാണാറുള്ളു. ക്ലാസിലെ ചില പിരിയിഡുകൾ കുട്ടികൾ ഒരുമിച്ച് ഇരിക്കുന്നതും, മറ്റെന്തെങ്കിലും പ്രധാന ചടങ്ങുകൾക്ക് ഫോട്ടോ എടുക്കുന്നതും ഈ മാവിൻ ചുവട്ടിലായിരുന്നു. ഈ വർഷവും അതില്ലാതായി. വട്ടോളി, അരൂർ തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം അധികമായി കണ്ടുവരുന്ന ഒളോറ മാങ്ങ എറെ രുചിയും മധുരവുമുള്ള ഇനമാണ്. ഇതിന് ആവശ്യക്കാരും ഏറെയാണ്. ഉണ്ണി മാങ്ങ കായ്ക്കാൻ തുടങ്ങിയാൽ തന്നെ കച്ചവടക്കാർ വന്ന് വില പറയും. ഇക്കുറി ഒളോർ മാങ്ങയുടെ വിളവ് നന്നേ കുറവായിരുന്നുവെന്ന് അദ്ധ്യാപകനും കർഷകനുമായ എലിയാറ ആനന്ദൻ പറഞ്ഞു.