വിതുര: തൊളിക്കോട്, വിതുര മേഖലയിലെ ആദിവാസി ഊരുകളിൽ പടർന്നു പിടിക്കുന്ന കൊവിഡിനെ ചെറുക്കുന്നതിനായി വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെയും വിതുര താലൂക്ക് ആശുപത്രിയുടേയും തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രങ്ങളുടേയും നേതൃത്വത്തിൽ ശക്തമായി പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചു. കൊവിഡിന്റെ രണ്ടാംഘട്ടത്തിൽ ആദിവാസിമേഖലയിൽ ആറ് പേർ മരണപ്പെടുകയും, നിരവധി ആദിവാസികൾക്ക് കൊവിഡ് പിടികൂടുകയും ചെയ്തിരുന്നു. വിതുര പഞ്ചായത്തിൽ ചാത്തൻകോട്, മണലി, ചെമ്മാംകാല ആദിവാസി കോളനികളിലാണ് നൂറോളം പേർക്ക് കൊവിഡ് പിടികൂടിയത്. ഒരാൾ മരിച്ചു. തൊളിക്കോട് പഞ്ചായത്തിൽ ചെട്ടിയാംപാറ ആദിവാസി ഊരിൽ മൂന്ന് പേർ മരണപ്പെട്ടു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിൽ കൊവിഡ് വ്യാപനവും, മരണവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്തും, ആരോഗ്യവകുപ്പും ശക്തമായി രംഗത്തിറങ്ങിയത്.
തച്ചരുകാലയിൽ വാക്സിനേഷൻ ക്യാംപ്
വിതുര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന മണലി വാഡിലെ തച്ചരുകാലയിൽ പഞ്ചായത്തിന്റെയും, താലൂക്ക് ആശുപത്രിയുടേയും നേതൃത്വത്തിൽ വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചു. 265 ആദിവാസികൾക്ക് വാക്സിൻ നൽകി. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്, പഞ്ചായത്തംഗങ്ങളായ നീതുരാജീവ്, സന്ധ്യാജയൻ, മേമലവിജയൻ എന്നിവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. മാസ്കും, സിനിറ്റൈസറും നൽകി. വിതുര ജനമൈത്രിപൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ആദിവാസിമേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തി. വിതുര സി.ഐ.വിപിൻഗോപിനാഥ്, എ.എസ്.ഐ വിനോദ് എന്നിവർ നേതൃത്വം നൽകി.
ആനപ്പാറയിൽ ഹെൽപ്പ് ഡെസ്ക്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനപ്പാറ വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെ നേതൃത്വത്തിൽ ആനപ്പാറ ജംഗ്ഷനിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. പുറത്തിറങ്ങുവാൻ കഴിയാത്തവർക്ക് മരുന്നുകളും, ആവശ്യസാധനങ്ങളും വീട്ടിൽ എത്തിച്ചുകൊടുക്കും. ഫോൺ-9446535384.