തലശ്ശേരി: ദശകങ്ങളായി നഗരത്തിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് നഗരത്തിൽ വിൽപ്പന നടത്തിവന്ന നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ പുറത്തിറങ്ങാനാവാതെ മുഴു പട്ടിണിയിലായി. വീട്ടുകളിൽ നിന്നും തെരുവോരങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തി ഉപജീവനം കഴിക്കുന്ന പിഞ്ച് കുഞ്ഞുങ്ങളും. വൃദ്ധരുമടങ്ങിയ നിരവധി തമിഴ് കുടുംബങ്ങളാണ് തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളത്.
കൊവിഡ് മഹാമാരിയുടെ വരവോടെ തന്നെ ഇവരുടെ ജീവിതത്തിൽ ഇരുട്ട് കയറിയിരുന്നു. നിയന്ത്രണം കർശനമാക്കിയതോടെ, ഉപജീവനം പൂർണ്ണമായും വഴിമുട്ടിയ അവസ്ഥയിലായി. വീടുകളിൽ കയറി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും കുപ്പികളും മറ്റ് പാഴ് വസ്തുക്കളും വാങ്ങി പകരം സാധനങ്ങൾ നൽകിയും വില കൊടുത്തും വാങ്ങിച്ച് ആക്രികടകളിൽ വിൽപ്പന നടത്തുകയായിരുന്നു പതിവ്.
കൂടാതെ നഗരത്തിൽ എത്തുന്നവർ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ പെറുക്കി എടുത്തും വിൽപ്പന നടത്തുമായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ വീടുകളിൽ പോകാനോ പാഴ് വസ്തുക്കൾ ശേഖരിക്കാനോ സാധിക്കാത്ത അവസ്ഥയായി. കൊവിഡ് രോഗഭീതി കാരണം വീടുകളിലേക്കുള്ള പ്രവേശനം ആളുകൾ വിലക്കുകയുമാണ്. നഗരത്തിൽ ആളുകളുടെ വരവ് കുറഞ്ഞതോടെ ഉപേക്ഷിക്കപ്പെടാറുള്ള പ്ലാസ്റ്റിക്ക് കുപ്പികളും കിട്ടാതായി. ഇതോടെ ഇവരുടെ ജീവിതമാർഗ്ഗം പൂർണ്ണമായും അടഞ്ഞ അവസ്ഥയിലുമായി.
വീടുകളിൽ പോയി പാഴ് വസ്തുക്കൾ ശേഖരിക്കാനാവുന്നില്ലെന്നും ഒരു ചായ കുടിക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നും തലശ്ശേരി റെയിൽവെ സ്റ്റേഷൻ റോഡിൽ കേന്ദ്രീകരിക്കാറുള്ള പാഴ് വസ്തുക്കൾ ശേഖരിച്ച് ആക്രി കടകളിൽ വിൽപ്പന നടത്താറുള്ള സ്ത്രീകൾ പറയുന്നു. ഇതേ അവസ്ഥയിലാണ് നാട്ടുമ്പുറങ്ങളിൽ വിറക് വെട്ടാൻ പോകുന്ന തമിഴ് നാട്ടുകാരായ പുരുഷൻമാരുടെയും അവസ്ഥ. വർഷങ്ങളായി നിത്യേന കാലത്ത് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ അതിരാവിലെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന കേന്ദ്രങ്ങളായ തലശ്ശേരി ടൗൺ ഹാൾ പരിസരം, മാഹി പാലം ജംഗ്ഷൻ തുടങ്ങിയവ ഇപ്പോൾ മാസങ്ങളായി ചലനമറ്റ് കിടക്കുകയാണ്.