kovidcarecenter

വിതുര: മലയോരമേഖലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാകുമ്പോഴും, കൊവിഡ് എന്ന മഹാമാരി പിടിമുറുക്കുകയാണ്. ഗ്രാമപഞ്ചായത്തുകളുടേയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കൊവിഡിനെ ചെറുക്കുന്നതിനായി കളത്തിൽ അരയും തലയും മുറുക്കി സജീവമാണെങ്കിലും കൊവി‌ഡ് താണ്ഡവം തുടരുകയാണ്.വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. രണ്ടാഴ്ചയായി ഈ സ്ഥിതിവിശേഷമാണ്. രണ്ടായിരത്തിൽ പരം പേരാണ് വിവിധ പഞ്ചായത്തുകളിലായി ചികിത്സയിൽ കഴിയുന്നത്. നൂറോളം പേർ ഇതിനകം മരണത്തിന് കീഴടങ്ങി. വീടുകളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചത് രോഗവ്യാപന സാദ്ധ്യത കൂടി. കുട്ടികൾക്കിടയിൽ വരെ രോഗം പടരുന്ന അവസ്ഥയാണ് നിലവിൽ. കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി കൊവിഡ് കെയർ സെന്ററുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും കടലാസിൽ തന്നെ.

** വിതുര സ്റ്റേഷനിൽ 12 പേർക്ക് കൊവിഡ്

വിതുര പൊലീസ് സ്റ്റേഷനിൽ കൊവിഡ് പടരുന്നു. ഒരാഴ്ചക്കിടയിൽ 12 പൊലീസുകാർക്കാണ് രോഗം പിടികൂടിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ സി.ഐ വിപിൻഗോപിനാഥിനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ പ്രിൻസിപ്പൽ എസ്.ഐ അനീസിനും കൊവിഡ് ബാധിച്ചിരുന്നു.12 പേർക്ക് കൊവിഡ് പിടികൂടിയതോടെ സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റി. സ്റ്റേഷനിൽ ആകെ 40 പൊലീസുകാരാണുള്ളത്. ഇതിൽ 30 പേരാണ് ഡ്യൂട്ടി നോക്കുന്നത്. പകുതിയോളം പേർക്ക് രോഗം പിടികൂടിയതോടെ പ്രവർത്തനം അവതാളത്തിലായി. പ്രതിരോധപ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കേണ്ട പൊലീസുകാർ കൊവിഡിന് നടുവിൽ നിന്ന് ഡ്യൂട്ടി നോക്കേണ്ട അവസ്ഥയിലാണ്. സ്റ്റേഷനിൽ പാസ് വാങ്ങുന്നതിനും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് പൊലീസുകാർക്കിടയിൽ രോഗം വ്യാപിച്ചിരിക്കുന്നത്. സ്റ്റേഷനിൽ കൊവിഡ് പടരുമ്പോഴും പൊലീസുകാർ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അരയും, തലയും മുറുക്കി രംഗത്ത് സജീവമാണ്.

പട‌ർന്നുപിടിച്ച് വൈറസ്

വിതുര പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 350 കടന്നു. രണ്ടാഴ്ചക്കിടയിൽ മൂന്നൂറിൽ പരം പേർക്കാണ് രോഗം പിടികൂടിയത്. ഇന്നലെ വിതുര താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ സി.ഐക്കടക്കം 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർ മരണപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാ‌ർഡുകളെയും കണ്ടെയ്ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.

തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 200 കടന്നു. രണ്ടു ദിവസം മുൻപ് വരെ 215 പേരാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 6 ആയി. രണ്ട് വാ‌ർഡുകൾ കണ്ടെയ്ൻമെന്റ് സോണുകൾ ആണ്.