പൂവാർ: കൊവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ പ്രതിരോധം ശക്തമാക്കാൻ അധികൃതർ നടപടി തുടങ്ങി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കാരോട് മുതൽ കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമ പഞ്ചായത്തുകളും കാഞ്ഞിരംകുളം, തിരുപുറം തുടങ്ങിയ സമീപ ഗ്രാമ പഞ്ചായത്തുകളിലുമാണ് പ്രതിരോധം ശക്തമാക്കിയിരിക്കുന്നത്.
പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടുകാൽ പഞ്ചായത്തിലെ തീരദേശ വാർഡുകളായ അമ്പലത്തുമൂല, അടിമലത്തുറ വാർഡുകൾ കേന്ദ്രീകരിച്ച് 10 പേരടങ്ങുന്ന സന്നദ്ധസേന രൂപീകരിച്ചു. കൊവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്ക് ആഹാരവും മരുന്നും എത്തിക്കുക, വാക്സിനേഷനു വേണ്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക, ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അറിയിപ്പുകളും ലഘുലേഖകളും വീടുവീടാന്തരം എത്തിക്കുക, പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക കൂടാതെ ആരോഗ്യ പ്രവർത്തകരെ സഹായിക്കുകയുമാണ് സേനാ അംഗങ്ങൾ ഇപ്പോൾ ചെയ്തു വരുന്നത്. പഞ്ചായത്തിലെ പുളിങ്കുടി റോസാ മിസ്റ്റിക്ക റെസിഡൻഷ്യൽ സ്കൂൾ 125 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കാനും നടപടിയുണ്ട്.
കൊവിഡിന്റെ ഒന്നാം ഘട്ടത്തിൽ കരുംകുളം ഗ്രാമപഞ്ചായത്താണ് ആദ്യമായി സാമൂഹ്യവ്യാപനത്തിലേക്ക് കടന്നത്. അതു കൊണ്ടു തന്നെ രണ്ടാം തരംഗത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്നത്.
** പ്രതിരോധം ശക്തം
പൊലീസ് ശക്തമായ ഇടപെടൽ നടത്തുന്ന മേഖലയായി വിലയിരുത്തുന്നത് പൂവാറിനെയാണ്. തീരപ്രദേശത്തേക്കും ഇവിടെനിന്ന് പുറത്തേക്കുമുള്ള വാഹനങ്ങളുടെ സഞ്ചാരവും നിയന്ത്രിച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ പൂവാർ ഗവ.എൽ.പി സ്കൂളിൽ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.
കുളത്തൂർ, കാരോട് ഗ്രാമ പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ നിയന്ത്രണം ശക്തമാണ്. എന്നാൽ അവിടെയും വാക്സിൻ വിതരണം മാത്രമാണ് അപാകതയുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
സമീപ പഞ്ചായത്തുകളായ കാഞ്ഞിരംകുളത്തും തിരുപുറത്തും പുതുതായി ഓരോ ഡൊമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാൻ കളക്ടടർ നിർദേശം നൽകിയിട്ടുണ്ട്.
തീരപ്രദേശത്ത് പ്രതിരോധ പ്രവർത്തനം ശക്തമാണ്.