ard

ആര്യനാട്: തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ ആര്യനാട് പൊലീസ്‌ സ്റ്റേഷന് മുന്നിലെ ആനന്ദേശ്വരം റോഡിൽ അപകടങ്ങൾ പതിവാകുന്നു. സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. വിവിധ കേസുകളിൽ പിടിയിലാകുന്ന ടിപ്പർ ലോറി, ജെ.സി.ബി ഉൾപ്പെടെയുള്ള തൊണ്ടി വാഹനങ്ങൾ ആദ്യം പൊലീസ് സ്റ്റേഷന് മുന്നിലും വശങ്ങളിലുമാണ് ഇട്ടിരുന്നത്.. എന്നാലിപ്പോൾ സ്റ്റേഷൻ പരിസരം നിറഞ്ഞ് റോഡിലും നിക്ഷേപിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്റെ പിറകുവശത്തെ മതിലിനോട് ചേർന്ന ഭാഗം കാട് മൂടിയ നിലയിലാണ്. ഇതോടെ ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. സർക്കാർ ആശുപത്രിക്ക് സമീപത്തായതിനാൽ നിരവധി വാഹനങ്ങളും കാൽനടയാത്രാക്കാരുമാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ആര്യനാട് പൊലീസും മോട്ടോർ വാഹനവകുപ്പ് ജീവനക്കാരുമാണ് വിവിധ കേസുകളിൽപ്പെടുന്ന വാഹനങ്ങളെ തൊണ്ടിമുതലായി സ്റ്റേഷൻ പരിസരത്ത് എത്തിക്കുന്നത്. ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ പലതും ഇപ്പോൾ ദ്രവിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്.

ഒപ്പം കൊടും വളവും

അണിയിലക്കടവിൽ പുതിയ പാലം വന്നതോടെ കൊക്കോട്ടേല, ഈഞ്ചപ്പുരി, കുറ്റിച്ചൽ, കോട്ടൂർ, വെള്ളറട, കള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനയാത്രക്കാർ ഇതു വഴിയാണ് സഞ്ചരിക്കുന്നത്. സ്റ്റേഷന് സമീപത്ത് വാഹനങ്ങൾ നിക്ഷേപിച്ചിരിക്കുന്നിടം കൊടും വളവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തിയാലേ കാണാൻ കഴിയൂ.

* പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ വാഹനങ്ങൾ സ്റ്റേഷന് എതിർദിശയിൽ പാർക്ക് ചെയ്യുന്നതോടെ കാൽനട യാത്രപോലും ദുഷ്കരം
* കാടുമൂടി തൊണ്ടിവാഹനങ്ങൾക്കിടയിൽ മാലിന്യത്തിന്റെയും ഒഴിഞ്ഞ മദ്യക്കുപ്പികളുടെയും നിക്ഷേപം രൂക്ഷം

* നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ വാഹനങ്ങൾ മറ്റൊരുസ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യം

സ്റ്റേഷന് സമീപത്തായി തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തരമായി വാഹനങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

വി. വിജുമോഹൻ
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്