കല്ലമ്പലം: മണമ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലുപേരെ കടയ്‌ക്കാവൂർ പൊലീസ് അറസ്റ്റുചെയ്‌തു. മണമ്പൂർ സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ റിനിമണി, ഗിരീഷ്‌ എന്നിവരും മറ്റ് രണ്ടുപേരുമാണ് പിടിയിലായത്. കൊല്ലപ്പെട്ട ജോഷിയുടെ സുഹൃത്തുക്കളായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

ജോഷിയുമായി ഏറെക്കാലം മുമ്പുണ്ടായ അഭിപ്രായ വ്യത്യാസവും തുടർന്നുണ്ടായ കുടിപ്പകയുമാണ്‌ കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കൊലയാളി സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കച്ചവടത്തിലെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിൽ നേരിട്ട് പങ്കെടുത്ത എട്ടുപേരുൾപ്പെടെ കേസിൽ ഇരുപതോളം പ്രതികളുണ്ടെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരുൾപ്പെടെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കഴുത്തിലേറ്റ മുറിവാണ് മരണകാരണം. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ട് 5ഓടെ വീടിന് സമീപത്തുള്ള മലവിള സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു. റൂറൽ എസ്.പി പി.കെ. മധുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീകാന്ത്, വർക്കല സി.ഐ ബാബുക്കുട്ടൻ, കടയ്‌ക്കാവൂർ സി.ഐ ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.