bdjs

തിരുവനന്തപുരം: ബി.ജെ.പിക്ക് ഘടകകക്ഷികളെ കൂടെ നിറുത്താൻ കഴിയാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡ‌ന്റ് എ.എൻ.അനുരാഗ് പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് ഉൾപ്പെടെ കേരള സമൂഹത്തിലെ വലിയ വിഭാഗങ്ങൾ രാഷ്ട്രീയമായും സാമുദായികമായും എൻ.‌ഡി.എക്കൊപ്പം അണിനിരന്നു എന്ന തോന്നൽ പൊതുസമൂഹത്തിനുണ്ടായി. അതുവഴി 6% വോട്ടിൽ നിന്ന് 16 % വോട്ടിലേക്ക് മുന്നണി വളർന്നു. മുന്നണി രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ വേണ്ടവിധം ഉൾക്കൊള്ളാത്തതിന്റെ പേരിൽ ഘടകകക്ഷികൾ അസംതൃപ്തരായെന്നും അനുരാഗ് പറഞ്ഞു. രാഷ്ട്രീയമായി പാലിക്കേണ്ട മുന്നണി മര്യാദകൾ മറന്നതും അധികാരത്തിലിരിക്കുമ്പോൾ ലഭിക്കുന്ന സ്ഥാനങ്ങളിൽ ചിലതെങ്കിലും കൂടെ നിൽക്കുന്ന ഘടകകക്ഷികൾക്ക് നൽകുന്നതിൽ വൈമുഖ്യം കാണിച്ചതും അസംതൃപ്തിക്ക് കാരണമായി. പരസ്പരം പഴിചാരുന്നതും ഘടകകക്ഷി നേതാക്കളെ താഴെ തട്ടിൽ പരിഹസിക്കുന്നതും, സാമൂഹിക മാദ്ധ്യമങ്ങളിൽ ചെളി വാരിയെറിയുന്നതും പതിവായി. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച രീതിയിൽ മുന്നണി ഏകോപനം നടന്നില്ല. പലയിടത്തും ബി.ജെ.പിയും ബി.ഡി.ജെ.എസും തനിച്ച് മത്സരിച്ച പ്രതീതിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.