പാലോട്: മുറുക്കാൻ കടയിൽ വെള്ളം കുടിക്കാൻ എന്ന രീതിയിൽ എത്തുന്ന പാമ്പാട്ടിയുടെ കൈയിൽ നിന്ന് ചാടിപ്പോയ പാമ്പിനെക്കണ്ട് കടക്കാരൻ പേടിക്കുന്നു. പാമ്പിനെ പിടിച്ചിട്ടേ പോകാവൂ എന്നുപറഞ്ഞ് നാട്ടുകാരും രംഗത്ത് വരുന്നു. പാമ്പിനെ പിടിക്കാൻ മടി കാണിച്ച പാമ്പാട്ടിയെ തല്ലാൻ നാട്ടുകാർ ഒരുങ്ങുന്നു. ആരോഗ്യ പ്രവർത്തകർ എത്തി കൂട്ടം കൂടിയവരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കൊവിഡ് കാലത്ത് ഒത്തുചേരൽ പാടില്ലെന്ന നിലപാട് ലംഘിച്ചെത്തിയവർക്ക് ബോധവത്കരണമായി ഞാറനീലിയിലെ സർക്കാരിന്റെ ഷൂട്ടിംഗ് മാറി.
നന്ദിയോട് കാലന്റെയും ചിത്രഗുപ്തന്റെയും വേഷത്തിൽ എത്തിയ സംഘം മാസ്ക് വയ്ക്കാത്തവരെ യമപുരിയിലേക്ക് കൊണ്ടുപോയ വിഷയമാണ് ബോധവത്കരണത്തിന്റെ ഭാഗമായി ചെയ്തത്.
സാമൂഹ്യ സുരക്ഷാമിഷന്റെ കൊവിഡ് അവബോധ പരിപാടിയുടെ ഭാഗമായാണ് നന്ദിയോട്, ഞാറനീലി, കാലൻകാവ് ഭാഗങ്ങളിൽ ചിത്രീകരണം നടന്നത്. സി-ഡിറ്റാണ് പ്രചാരണ വീഡിയോ നിർമ്മാണം നിർവഹിക്കുന്നത്. മലയാളത്തിലെ പ്രശസ്ത പ്രാങ്ക് ഷോ അവതാരകരായ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. മായേഷ്.എസ്.വി യും പ്രദീപ് മരുതത്തൂരുമാണ് സർക്കാരിന്റെ ഈ കൊവിഡ് അവബോധ പരിപാടിയുടെ സംവിധായകർ.