kdvr

അഞ്ചുതെങ്ങ്: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികളുടെ ജീവന് ഭീഷണിയായി ഏതു നിമിഷവും തകർന്നുവീഴാറായ സീലിംഗ് ഫാനുകൾ. വാക്സിനേഷൻ നൽകുന്നിടത്തേയും വാക്സിനേഷൻ കഴിഞ്ഞവരെ നിരീക്ഷണത്തിനിരുത്തുന്ന ഹാളിലെ ഇരിപ്പിടങ്ങൾക്ക് മുകളിലെയും ലീഫുകൾ ഒടിഞ്ഞ ഫാനുകളാണ് അപകടക്കെണിയാകുന്നത്. തീരപ്രദേശമായതിനാൽ നിരന്തരമുള്ള ഉപ്പ് കാറ്റേറ്റ് ആശുപത്രി കെട്ടിടങ്ങളിലെ ഫാനുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ദ്രവിച്ച നിലയിലാണ്.

കൃത്യ സമയങ്ങളിൽ അറ്റകുറ്റപ്പണികളോ ശുചീകരണ പ്രവർത്തനങ്ങളോ അധികൃതർ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ലക്ഷങ്ങൾ ചെലവാക്കി ഹോസ്പിറ്റൽ കെട്ടിടം നിർമ്മിക്കാനും പുറം മോഡി കൂട്ടാനും ശ്രമിക്കുമ്പോൾ ആശുപത്രിക്കുള്ളിലെ അസൗകര്യങ്ങൾ കാണാതെ പോകുന്നത് ദുഃഖകരമാണെന്നാണ് ഇവിടെയെത്തുന്ന രോഗികൾ പറയുന്നത്.