ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ വേലൻകോണത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം താത്കാലികമായി സ്ഥാപനം അടപ്പിച്ചു. മുദാക്കൽ പഞ്ചായത്തിലെ കരിക്കകംകുന്ന് സ്വദേശിയായ 49 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ജോലിക്കെത്തിയ ഇയാൾക്ക് രോഗ ലക്ഷണം ഉണ്ടായതിനാൽ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ മുബാറക്ക്, എ. അഭിനന്ദ്, ജി.എസ്. മഞ്ചു എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനവും പരിസരവും അണുവിമുക്തമാക്കി. സ്ഥാപനം പ്രവർത്തിപ്പിക്കാൻ പകരം ജീവനക്കാരില്ലെങ്കിൽ നിലവിലെ ജീവനക്കാർ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായതിന് ശേഷമേ സ്ഥാപനം തുറക്കാൻ അനുവദിക്കൂ എന്ന് നഗരസഭ അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ ഈ സ്ഥാപനം സന്ദർശിച്ചവർ ജാഗ്രത പുലർത്തണമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അറിയിച്ചു.