കാസർകോട്: കൊവിഡ് ഭീതി അകറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ മുന്നിട്ടിറങ്ങി പൊലീസിലെ വനിതകളുടെ സംഘം. മൂന്ന് ദിവസങ്ങളായി കാസർകോട് ജില്ലാ അതിർത്തി ഈ പെൺ കരുത്തിൽ ഭദ്രമാണ്. കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ. കെ. അജിതയ്ക്കും സഹപ്രവർത്തകർക്കും കൊവിഡ് ഡ്യൂട്ടി ചന്തേര പൊലീസ് പരിധിയിലെ തൃക്കരിപ്പൂരും പരിസരവുമാണ്. പിങ്ക് പൊലീസ് വാഹനത്തിൽ എത്തിയ വനിതാ എസ്.ഐയും സംഘവും സമ്പൂർണ്ണ അടച്ചിടലിൽ പരിശോധന കർശനമാക്കുകയാണ്. കണ്ണൂർ ജില്ലാ അതിർത്തിയായ ഒളവറയും തട്ടാർക്കടവും കടന്ന് ടൗണിൽ എത്തുന്ന വാഹനങ്ങൾക്ക് വനിതാ പൊലീസുകാരുടെ നിരീക്ഷണം കൂടാതെ കടന്നുപോകാൻ സാധിക്കില്ല.
കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും കൂസലില്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങളുടെ പരിശോധനയിലാണ് കാക്കിയുടുപ്പിട്ട വനിതകൾ. ലൈസൻസ് ഇല്ലാതെയും ഹെൽമറ്റില്ലാതെയും ഓടുന്ന നിരവധി ഇരുചക്ര വാഹന യാത്രക്കാർക്കെതിരെ നടപടിയെടുത്തു. കൂടുതൽ പേർക്ക് പിഴ ചുമത്തി. സാഹചര്യം മനസിലാക്കി ഉപദേശവും നിർദ്ദേശവും നൽകി പറഞ്ഞുവിട്ടവരും ഏറെയാണ്. ചുമ്മാ കറങ്ങാൻ ഇറങ്ങുന്ന ചെറുപ്പക്കാർക്കെതിരെ നടപടി എടുക്കുകയും താക്കീത് ചെയ്യുകയും കൊവിഡ് ബോധവത്ക്കരണം നടത്തുകയുമാണ് ഇവർ.
കാറുകൾ , ബൈക്കുകൾ തുടങ്ങി എല്ലാ വാഹനങ്ങളും കൈകാണിച്ചു നിർത്തി തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് ഈ വനിതാ ഉദ്യോഗസ്ഥർ മാതൃകയാകുന്നത്. അത്യാവശ്യങ്ങൾക്കായി റോഡിൽ ഇറങ്ങുന്നവരെ ബുദ്ധിമുട്ടിക്കുന്നേയില്ല. വാഹന പരിശോധനക്കിടെ അപകടങ്ങൾ സംഭവിച്ചാലും വനിതാ പൊലീസുകാർ ഓടിയെത്തുന്നു.
ഇന്നലെ രാവിലെ തങ്കയത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റപ്പോഴും ആദ്യം ഓടിയെത്തിയത് എസ്.ഐ. അജിതയും സംഘവുമായിരുന്നു. എല്ലായിടങ്ങളിലും ഒരു കരുതലുണ്ട് പൊലീസിലെ ഈ വനിതകൾക്ക്. കൊവിഡ് രൂക്ഷമായ കഴിഞ്ഞ വർഷം വെല്ലുവിളികൾക്കിടയിൽ കാസർകോട് ഭാഗത്ത് ഇതേ ഡ്യൂട്ടി ചെയ്തതിന്റെ പരിചയ സമ്പത്ത് ഉള്ളതിനാൽ ഇത്തവണ ഏറെ ശ്രമകരമാണെന്ന് തോന്നുന്നില്ലെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എസ്.ഐ അജിതയുടെ ഒപ്പം സിവിൽ പൊലീസ് ഓഫീസർമാരായ ടി.പി. ഗീത, പി.വി. ഗീത എന്നിവരുമുണ്ട്.
ബൈറ്റ്
ലോക്ക് ഡൗണിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുന്നത് കാണുന്നു. മുമ്പത്തേക്കാൾ പേടിയുള്ളതിനാൽ സർക്കാരിന്റെയും പൊലീസിന്റെയും നിർദ്ദേശം കണക്കിലെടുത്തു ആളുകൾ സ്വയം ഉൾവലിയുന്ന അവസ്ഥയുണ്ട്. അനാവശ്യമായി ഇറങ്ങുന്നവർ നമുക്ക് മനസിലാകും. അവർക്കെതിരെ നടപടി എടുക്കുന്നുണ്ട് .
കെ. അജിത (എസ്.ഐ , കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ)