വർക്കല: കൊവിഡ് വ്യാപനം വർക്കല താലൂക്കിൽ രൂക്ഷമായതിനെ തുടർന്ന് വർക്കലയിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കർമപദ്ധതികളുമായി രംഗത്ത്.
വർക്കല താലൂക്ക് പരിധിയിൽ നിലവിൽ 100 കിടക്ക സൗകര്യമുള്ള സർക്കാർ ട്രീറ്റ്മെന്റ് സെന്ററായ (സി.എഫ്.എൽ.ടി.സി) ശിവഗിരി കൺവെൻഷൻ സെന്ററിൽ സജ്ജീകരിച്ചു.
ഇവിടെ 300 കിടക്കകൾ സജ്ജീകരിക്കും. നിലവിൽ ഇവിടെ 64 പേർ പരിചരണത്തിലുണ്ട്. ഗുരുതര കൊവിഡ് രോഗബാധിതരായവരെ ചികിത്സിക്കുന്നതിന് അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിൽ110 കിടക്ക സൗകര്യത്തോടുകൂടി (സി.എസ്.ഇ.ടി) പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 85 പേർ ഇവിടെ ചികിത്സയിലുണ്ട്.
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ കൊവിഡ് വാർഡ് സജ്ജീകരിച്ചു. 30 പേർക്ക് കിടക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇവിടെയിപ്പോൾ 18 പേരുണ്ട്.
ജില്ലാ കളക്ടർ ശിവഗിരി കൺവെൻഷൻ സെന്ററിൽ 200 കിടക്കകൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ തുക വർക്കല മുൻസിപ്പാലിറ്റിക്ക് നൽകുകയും നിലവിൽ 300 ബെഡിന്റ സൗകര്യം ക്രമീകരിക്കുകയും ചെയ്തു.
എസ്.ആർ മെഡിക്കൽ കോളേജിൽ 50 ഓക്സിയൻ ബെഡ് ക്രമീകരിക്കാൻ ജില്ലാകളക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിന് ജില്ലാ ഓക്സിജൻ വാർ റൂമിന് ആവശ്യമായ സഹായത്തിന് വർക്കല ഭൂരേഖാ ഹസിൽദാർ എസ്. ഷാജിയെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി നിയമിച്ചിട്ടുണ്ട്.
കൂടാതെ മണമ്പൂർ ലൗഡേൽ സ്കൂളിലും പള്ളിക്കൽ പകൽക്കുറി ഗവ. എച്ച്.എസ്.എസിലും ഡെമിസിലിയറി കെയർ സെന്റർ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ വർദ്ധിച്ചാൽ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കും.
അതിഥി തൊഴിലാളികൾക്ക്
അതിഥി തൊഴിലാളികൾക്കുള്ള 300 സൗജന്യ ഭക്ഷ്യക്കിറ്റ് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും വർക്കല അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് അനുവദിച്ചിട്ടുണ്ട്. കിറ്റിന്റെ വിതരണം ഉടൻ നടക്കും. സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് നീക്കിവെയ്ക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
ഇൻസിഡന്റ് കമാൻഡർ
ആരോഗ്യം, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലേബർ, സിവിൽ സപ്ലൈസ് മുതലായ വകുപ്പുകളെ ഏകോപിപ്പിച്ച് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറായ രാജലക്ഷ്മിയെ വർക്കല താലൂക്കിന്റെ ഇൻസിഡന്റ് കമാൻഡറായി ജില്ലാ കളക്ടർ നിയമിച്ചു. വർക്കല തഹസിൽദാർ പി. ഷിബുവിനാണ് വിവിധ സർക്കാർ സംവിധാനങ്ങളുടെ ഏകോപന ചുമതല. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, അഡ്വ. വി. ജോയി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെയും വിവിധ വകുപ്പുകളുടെയും അവലോകനയോഗം എല്ലാദിവസവും വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
കൊവിഡ് ഹെൽപ്പ് ഡെസ്ക്കുകൾ
വർക്കല താലൂക്ക് ഓഫീസ് - 04702613222, 9497711286
വർക്കല നഗരസഭ - 9037516718,9037516719
വർക്കല ഫയർ സ്റ്റേഷൻ- 04702607700,9946863617