നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി തുടങ്ങി. നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച കൊവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ് മെന്റ്സെന്റ (സി.എഫ്.എൽ.ടി.സി) റിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ പി.കെ രാജ്മോഹനനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിനും അറിയിച്ചു. ഇവിടെ നൂറു കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. നെയ്യാറ്റിൻകരയിലെ ലോഗോസ് പാസ്റ്ററൽ സെന്ററിൽ 75 കിടക്കകളുളള ഡൊമിസയിൽ കെയർ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം അടുത്ത ഘട്ടത്തിൽ ആരംഭിക്കും. നഗരസഭ പരിധിയിലെ കൊവിഡ് രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഹെൽപ് ഡെസ്ക് സേവനങ്ങൾക്കായി 7994568260 എന്ന നമ്പരിലും ആംബുലൻസിനായി 9496942242 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.