വർക്കല: കൊവിഡ് രണ്ടാം തരംഗത്തിൽ വർക്കലയിൽ ഫെബ്രുവരി 1 മുതൽ മേയ് 9 വരെ 1313 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും വർക്കല നഗരസഭ പ്രദേശത്തുള്ളവരാണ്. ജനുവരി 16 മുതൽ മേയ് 8 വരെ 77,25 പേർക്കാണ് വർക്കല താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിനേഷൻ നൽകിയത്.
കഴിഞ്ഞദിവസം 31 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിൽ വർക്കലയിൽ 4 പേരാണ് മരിച്ചത്. വർക്കല നഗരസഭയിൽ നാലു സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്. നഗരസഭയിലെ വിളകുളം, കുടയ്ക്കണ്ണി പാറയിൽ, താലൂക്ക് ആശുപത്രിക്ക് സമീപം കോട്ടുമൂല എന്നിവിടങ്ങളിലാണ് കണ്ടെയ്ൻമെന്റ് സോണുകൾ.
നഗരസഭ പ്രദേശത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നതിനായി നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായിട്ടുള്ളവരിൽ നിന്നും അപേക്ഷകൾ സ്വീകരിച്ച് വരികയാണെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ പേരുകൾ രജിസ്റ്ററുകൾ ചെയ്യാവുന്നതാണ്. ഫോൺ: 04702602549,2606500.
വർക്കല നഗരസഭ പ്രദേശത്ത് അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് മൂന്ന് ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭിക്കും. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലും അടുക്കളയും സജ്ജീകരിച്ച് നിർദ്ധനരായ രോഗികൾക്കും മറ്റു ഭക്ഷണം വീട്ടിൽ എത്തിക്കാനും നടപടികൾ തുടങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് നഗരസഭയിൽ പ്രവർത്തനമാരംഭിച്ചതായും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ താത്പര്യമുള്ള സന്നദ്ധ സംഘടനകൾ, ക്ലബുകൾ, പൊതുപ്രവർത്തകർ, എന്നിവർ നഗരസഭയുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ കെ.എം. ലാജി അറിയിച്ചു.