may10c

ആറ്റിങ്ങൽ: കേരളത്തിലെ പ്രധാന കുടിൽ വ്യവസായങ്ങളിലൊന്നായ മൺപാത്ര നിർമ്മാണം പ്രതിസന്ധിയിൽ.

കൊവിഡ് മഹാമാരിക്ക് പിന്നാലെ ഉത്സവങ്ങൾ ഇല്ലാതായതും ഇവരെ ദുരിതത്തിലാക്കി. തുടർച്ചയായ രണ്ടുവർഷമാണ് ഉത്സവ സീസണിലെ കച്ചവടം ഇവർക്ക് നഷ്ടമായത്. ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള പ്രധാന ആഘോഷങ്ങളായിരുന്നു ഇവരുടെ പ്രധാന വരുമാന മാർഗം. ജില്ലയിൽ മൺപാത്ര നിർമ്മാണവും വിപണനവും നടത്തുന്ന നിരവധി കുടുംബങ്ങൾ കടക്കെണിയിലാണ്. അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങൾ സ്ഥാനം പിടിച്ചതോടെ മൺപാത്രവിപണി പൊതുവേ പ്രതിസന്ധിയിലായിരുന്നു.

ജില്ലയിലെ പ്രധാന മൺപാത്ര വിപണന കേന്ദ്രങ്ങളിലൊന്നായ ആറ്റിങ്ങൽ വേളാർ കുടിയിൽ (എ.സി.എ.സി നഗർ ) ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ്​ കെട്ടിക്കിടക്കുന്നത്. ആവശ്യത്തിന് കളിമണ്ണ് ലഭിക്കാതെ നിർമ്മാണം കുറഞ്ഞതോടെ വ്യാപാരികളിൽ പലരും തമിഴ്നാട്ടിൽ നിന്ന് മൺപാത്രങ്ങളെത്തിച്ചു. കച്ചവടം കരകയറുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം ശക്തമായത്. ഓണത്തിന് മുമ്പ് പ്രതിസന്ധി മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായവും ഇവർ പ്രതീക്ഷിക്കുന്നു.

തിരിച്ചടിയിൽ തളർന്ന്

ആറ്റിങ്ങൽ വേളാർകുടി പ്രദേശം (ഇപ്പോഴത്തെ എ.സി.എ.സി നഗർ)​ ഒരു കാലത്ത് ജില്ലയിലെ പ്രധാന മൺപാത്ര ഉത്പാദന കേന്ദ്രമായിരുന്നു. പാചകത്തിനാവശ്യമായ വ്യത്യസ്തമായ പാത്രങ്ങൾ, ചെടിച്ചെട്ടികൾ, പ്രദർശന വസ്‌തുക്കൾ, വിളക്കുകൾ എന്നിവയെല്ലാം ഒരുകാലത്ത് ഇവിടെ നിർമ്മിച്ചിരുന്നു. ആവശ്യക്കാർ കൂടിയതോടെ മൺപാത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് വിപണനം ചെയ്യുകയാണ് പലരും. എന്നാൽ കൊവിഡ് എല്ലാ പ്രതീക്ഷകളെയും തകിടംമാറിച്ചു. കിളിമാനൂരിലെ വേളാ‌ർകുടി, കൊടുവഴന്നൂർ, പൊയ്‌കക്കs, അയിലം, ചീനവിള, പേടികുളം മേഖലകളിൽ മൺപാത്ര നിർമ്മാണം മുമ്പ് സജീവമായിരുന്നു. എന്നാൽ പുതുതലമുറ ഈ മേഖലയിൽ കടന്നുവരുന്നില്ലെന്നതും വസ്‌തുതയാണ്.

പ്രധാന പ്രശ്‌നങ്ങൾ

1. പ്ലാസ്റ്റിക്, ലോഹ പാത്രങ്ങളുടെ കടന്നുവരവ്

2. കളിമണ്ണ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്

3. പുതിയ തലമുറ കടന്നുവരുന്നില്ല

4. തൊഴിലാളികളുടെ ലഭ്യതക്കുറവ്

5. ഉത്സവങ്ങൾ ഗണ്യമായി കുറഞ്ഞു