ദുഷ്ടബുദ്ധി വശംകെടുത്തിയ രാവണന് ജടായുവിന്റെ നീതിപൂർണമായ വാക്കുകൾ തീരെ രസിച്ചില്ല. കോപംകൊണ്ട് രാക്ഷസ രാജന്റെ ഇരുപത് കണ്ണുകളും ജ്വലിച്ചു. മുഖങ്ങൾ തുടുത്തു. കോപമടക്കാനാകാതെ അവൻ ജടായുവിന്റെ നേർക്ക് പാഞ്ഞടുത്തു. ദുഷ്ടബുദ്ധിയും ശിഷ്ടബുദ്ധിയും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീതിയായി. കൊടുങ്കാറ്റിൽ ചീറിവരുന്ന രണ്ടു കാർമേഘങ്ങൾ ഒന്നിച്ചു ചേരുന്നതുപോലെ ചിറകുള്ള രണ്ട് പർവ്വതങ്ങൾ ഏറ്റുമുട്ടുന്നപോലെ. രാക്ഷസ രാജാവായ രാവണൻ മൂർച്ചയേറിയ ശരങ്ങൾ വർഷിച്ചു. ജടായുവിന്റെ കൂർത്ത നഖങ്ങൾ രാക്ഷസ രാജന്റെ ശരീരമാസകലം മുറിപ്പെടുത്തി. വേദനയും കോപവും കൊണ്ട് രാവണന്റെ മനോനില നഷ്ടമായി. പത്ത് ശരങ്ങളെടുത്ത് രാവണൻ ജഡായുവിന് നേർക്ക് തൊടുത്തു. മൂർച്ചയേറിയ ആ ശരങ്ങൾ പക്ഷീന്ദ്രന്റെ ദേഹത്ത് ആഴത്തിൽ മുറിവുകളുണ്ടാക്കി. ഇതെല്ലാം കണ്ട് സീതാദേവി രാവണരഥത്തിലിരുന്ന് കണ്ണീർ വാർത്തു. അതു കണ്ടപ്പോൾ ജടായുവിന്റെ ശക്തിയും പരാക്രമവും വർദ്ധിച്ചു. കോപാവേശത്തോടെ രാവണന്റെ അമ്പ് തൊടുത്ത വില്ലിനെ ജടായു മുറിച്ചു. ആർത്തട്ടഹസിച്ചുകൊണ്ട് മറ്റൊരു വില്ലെടുത്ത രാവണൻ ശരങ്ങൾ വർഷിക്കാൻ തുടങ്ങി. ആ ശരമാരിയിൽ പെട്ടുപോയ ജടായു കൂട്ടിനകത്തായ പക്ഷിയുടെ അവസ്ഥയിലായി. അതിശക്തമായി ജടായു ചിറകുകൊണ്ട് ഇടിച്ചപ്പോൾ അമ്പുകൾ നാലുപാടും ചിതറി വീണു.
രാവണ രഥത്തിന് നേർക്ക് പാഞ്ഞടുത്ത ജടായു രാവണന്റെ ചാപത്തെ മുറിച്ചു. ചിറകുകളുടെ പ്രഹരം കൊണ്ടുയർന്ന കാറ്റിൽ രാവണന്റെ ചാപത്തെ മുറിച്ചു. ചിറകുകളുടെ പ്രഹരം കൊണ്ടുയർന്ന കാറ്റിൽ രാവണന്റെ പോർചട്ട തകർന്നു. പിശാചിന്റെ മുഖമുള്ള വായുവേഗമുള്ള രാവണന്റെ കുതിരകൾ നിർജീവമായി. മനോനിലയനുസരിച്ച് നീങ്ങുന്ന സ്വർണരഥം തന്നെ ഉടഞ്ഞു. വെൺകൊറ്റക്കുട, ആലവട്ടം, വെൺചാമരം എന്നിവയോടെ രാവണനൊപ്പമുള്ള രാക്ഷസ വീരന്മാരും ചത്തു വീണു. ജടായു തേരാണിയുടെ തല കൊക്കിൽ കോർത്തെടുത്തു. തേര് തകർന്ന് കുതിരകൾ ചലനമറ്റിരിക്കുന്നു. തേരാളിയും വധിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ വീണ രാവണൻ സീതാദേവിയെ താങ്ങി മടിയിൽ വച്ചു. മൂന്ന് ലോകത്തെയും ജയിച്ച വൈശ്രവണ സോദരന്റെ രഥം തകർന്നതു കണ്ട് വനദേവതമാർ ജടായുവിനെ വാഴ്ത്തി. ക്രമേണ ജടായു തളർന്ന് തുടങ്ങിയെന്ന് രാവണൻ മനസ്സിലാക്കി. സന്തോഷത്തോടെ സീതയേയും കൊണ്ട് രാക്ഷസരാജാവ് ആകാശ മണ്ഡലത്തിലേക്ക് ഉയർന്നു. അതുകണ്ട ജടായു രാവണ സമീപമെത്തി വിപത്തിനെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നൽകി, ശ്രീരാമബാണം വജ്രായുധ തുല്യമാണ്. രാമപത്നിയെ നീ അപഹരിച്ചത് നിന്റെ വംശനാശത്തിന് കാരണമാകും. നീയും നിന്റെ പരിവാരങ്ങളും കുടിച്ചത് പവിത്ര ജലമല്ല. കാളകൂട വിഷമാണ്. നിന്റെ പ്രവൃത്തികൾ നിന്റെ ഉറ്റവരുടെയെല്ലാം നാശഹേതുവാണ്. കലാപനാശത്തിൽ കുടുങ്ങിയ നിനക്കിനി മോചനമില്ല. ചൂണ്ടയിൽ കിടക്കുന്ന നിനക്കിനി മോചനമില്ല. ചൂണ്ടയിൽ കിടക്കുന്ന ഇരയെ വിഴുങ്ങിയ മത്സ്യത്തിന് രക്ഷപ്പെടാനാവുമോ? ശ്രീരാമാശ്രമത്തിൽ അതിക്രമിച്ചു കയറിയ നിന്റെ നാശം അടുത്തെത്തിക്കഴിഞ്ഞു.
രഘുവംശത്തിൽ പിറന്നവരെല്ലാം അജയ്യരാണെന്ന് നീ ഓർക്കണം. പൗലസ്ത്യ പുത്രനായി ജനിച്ച നീ മഹാപാപിയും മഹാഭീരുവും ആകരുത്. അല്പമെങ്കിലും ശൗര്യം നിനക്കുണ്ടെങ്കിൽ ശുദ്ധം ചെയ്യാൻ നില്ക്കൂ. ഖരനെപ്പോലെ നീയും മണ്ണിൽ ചേതനയറ്റ് വീഴും. മരണത്തിന് അടുത്തെത്തിയവൻ കാട്ടിക്കൂട്ടുന്നതെല്ലാം വിപത്തായി മാറും. ജടായുവിന്റെ ഓർമ്മപ്പെടുത്തലുകളും സാരോപദേശങ്ങളും ദുഷ്ടാത്മാവായ രാവണന്റെ ചെവിയിൽ കടന്നില്ല. എങ്ങനെയും സീതാദേവിയെയും കൊണ്ട് ലങ്കയിലേക്ക് കടക്കാനുള്ള വെപ്രാളമായിരുന്നു രാവണനിൽ. അതുകണ്ട് ജടായു രാക്ഷസ രാജാവിന്റെ പുറത്തുകയറി കൂർത്ത നഖങ്ങൾ കൊണ്ട് മാന്താൻ തുടങ്ങി. മദമിളകിയ ആനയെ പാപ്പാൻ മെരുക്കാൻ ശ്രമിക്കുംപോലെയായിരുന്നു അത്.
കോപാധിക്യത്താൽ ജടായു കൊക്ക് കൊണ്ട് രാവണന്റെ തലമുടി പറിച്ചെടുത്തു. നഖങ്ങൾ കുത്തിത്താഴ്ത്തി വേദനകൊണ്ട് പുളഞ്ഞ രാവണൻ സീതയെ ഇടത്തെ ഒക്കത്തേറ്റി. വലം കൈകൊണ്ട് ജടായുവിനെ അടിക്കാൻ തുടങ്ങി. പക്ഷീന്ദ്രനാവട്ടെ ചുറ്റും പറന്നുകൊണ്ട് ഇടതുഭാഗത്തെ കൈകൾ കൊത്തിമുറിച്ചു. പക്ഷേ, മുറിഞ്ഞ കൈകൾ നിലത്തു വീഴുമ്പോൾ സർപ്പങ്ങൾ പുറ്റിൽ നിന്ന് പത്തി വിടർത്തിയാടുംപോലെ കൈകൾ മുളച്ചുകൊണ്ടിരുന്നു. ഈ സമയം രാവണൻ സീതയെ തറയിൽ നിറുത്തിയിട്ട് കൈകാലുകൾ കൊണ്ട് ജടായുവിനെ മർദ്ദിക്കാൻ തുടങ്ങി. കടുത്ത പോരാട്ടം ഇപ്രകാരം തുടർന്നു. ക്ഷീണം ബാധിച്ചു തുടങ്ങിയ രാവണൻ തന്റെ ചന്ദ്രഹാസം ഉറയിൽ നിന്ന് വലിച്ചൂരി. പിന്നെ ആർത്തട്ടഹസിച്ചുകൊണ്ട് ജടായുവിന്റെ രണ്ട് ചിറകുകളും കാലുകളും മുറിച്ചിട്ടു. വേദന അസഹ്യമായെങ്കിലും അത് പ്രകടിപ്പിക്കാതെ ജടായു ഭൂമിയിൽ വീണു. ഉറ്റ ബന്ധുവിനെപ്പോലെ ചോര വാർന്നൊലിക്കുന്ന പക്ഷീന്ദ്രന്റെ സമീപം സീതാദേവി പാഞ്ഞെത്തി. കാർ മേഘത്തിന്റെ നിറമുള്ള ചിറകും വെളുത്ത നെഞ്ചും ഒത്ത ജടായുവിനെ രാവണൻ സൂക്ഷിച്ചുനോക്കി. രാവണ പ്രഹരമേറ്റ് ചേതനയറ്റ് കിടക്കുന്ന ജടായുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് സീതാദേവി വിലപിക്കാൻ തുടങ്ങി.
ഫോൺ : 9946108220