cpz-krishi

ചെറുപുഴ: പച്ചക്കറി കൃഷിയും പശു വളർത്തലുമായി സജീവമാണ് തിരുമേനി ചെമ്മഞ്ചേരി സ്വദേശി തുണ്ടിയിൽ സണ്ണി. കാലാവസ്ഥാ വ്യതിയാനമോ കൊവിഡോ ഒന്നും ഇദ്ദേഹത്തിന്റെ കൃഷിയ്‌ക്കൊരു തടസമല്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസുള്ളതിനാൽ ഒന്നും ഒരിക്കലും പരാജയമായിട്ടുമില്ല. സ്ഥലം കുറവായതിനാൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് കൂടുതലും കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിയിൽ പ്രത്യേക വൈദഗ്ദ്ധ്യം തന്നെ സണ്ണിക്കുണ്ടെന്നു പറയാം.

ഏത് സമയത്തും സണ്ണിക്ക് പച്ചക്കറി കൃഷിയുണ്ടാകും. മഴക്കാലത്തും വേനൽക്കാലത്തും ശീതകാലത്തും ചെയ്യേണ്ട കൃഷികൾ ഏതെന്ന് സണ്ണിക്ക് കൃത്യമായി അറിയാം. കൃഷി വിജയവുമായിരിക്കും. പയർ, പാവൽ, ചീര, തക്കാളി, വെണ്ട, വഴുതിന, തുടങ്ങി എല്ലാത്തരം പച്ചക്കറികളും സണ്ണി കൃഷി ചെയ്യാറുണ്ട്. എല്ലാ സീസണിലും കപ്പ കൃഷി ചെയ്യും. ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ വേറെയും. സണ്ണിയുടെ പച്ചക്കറികളും കപ്പയുമൊക്കെ വാങ്ങാൻ ആളുകൾക്ക് ഏറെ താത്പര്യമാണ്. ചാണകവും ഗോമൂത്രവുമാണ് പ്രധാന വളങ്ങൾ. ഇടയ്ക്ക് പൊട്ടാഷും ഉപയോഗിക്കുമെന്ന് സണ്ണി പറയുന്നു. കൃഷി കൂടാതെ മികച്ച ഒരു ക്ഷീര കർഷകൻ കൂടിയാണ് സണ്ണി.

തിരുമേനി ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന ക്ഷീര കർഷകരിൽ ഒരാൾ കൂടിയാണ് സണ്ണി. നിലവിൽ കറവയുള്ള രണ്ട് പശുക്കളും പ്രസവിക്കാറായ ഒന്നും ഉൾപ്പെടെ ഏഴ് പശുക്കളുണ്ട് സണ്ണിക്ക്. എല്ലാ പണികളും കഴിയുന്നതും ഒറ്റയ്ക്ക് തന്നെ ചെയ്യും. ഭാര്യ ലിസി സഹായവുമായി കൂടെത്തന്നെയുണ്ട്. മക്കളായ നീതുവും നിതിനും ജോലിയുമായി ബന്ധപ്പെട്ട് പുറത്താണുള്ളത്. സണ്ണിയുടെ മറ്റൊരു വിനോദമാണ് കവിതയെഴുത്ത്. ജോലി ചെയ്യുന്നതിനിടയിൽ മനസിൽ ചില വരികൾ പാടിവെയ്ക്കും. പിന്നീട് വീട്ടിലെത്തി ഇവ ഒരു ബുക്കിൽ കുറിച്ച് വെക്കുന്നു. ജോലിത്തിരക്കൊഴിയുന്ന സമയങ്ങളിൽ ഇവ ആവശ്യമായ മാറ്റങ്ങൾ വരുത്തി പകർത്തി എഴുതും. യാത്രകളിലൊക്കെ തന്റെ കവിതകൾ കുറച്ച് ശബ്ദമുയർത്തി തന്നെ പാടിക്കൊണ്ടിരിക്കും. ജോലി ചെയ്യുമ്പോഴും ഇങ്ങനെ തന്നെ.

സഞ്ചാരി, കൊവിഡ്, കേഴുന്ന ഭൂമി, മദർ തെരേസ, അൽഫോൻസാമ്മ, ചെഗുവേര, കാസ്‌ട്രോ തുടങ്ങി 20ൽ അധികം കവിതകൾ ഇദ്ദേഹത്തിന്റേതായുണ്ട്. ചില വേദികളിൽ സംഘാടകർ കവിത ആലപിക്കാൻ സണ്ണിയെ ക്ഷണിക്കാറുമുണ്ട്. ചില മാസികകളിൽ കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂ എന്ന് സണ്ണി പറയുമ്പോഴും ജീവിതാനുഭവങ്ങൾ നൽകിയ വെട്ടമാണ് വഴികാട്ടി.