തിരുവനന്തപുരം: ജില്ലാ മെഡിക്കൽ സ്റ്രോറിലേക്ക് കൊണ്ടുവന്ന മരുന്നുപെട്ടികൾ സൗജന്യമായി ഇറക്കി ലോഡിംഗ് തൊഴിലാളികൾ. കൂലി നൽകാൻ കൊടുത്ത വൗച്ചർ യൂണിയൻ കൺവീനർ തിരികെ നൽകിയെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

സ്റ്റോറിലേക്ക് കൊണ്ടുവന്ന മരുന്നിന്റെ ലോഡിറക്കാതെ തടസപ്പെടുത്തുന്നെന്ന പ്രചാരണത്തെ തുടർന്നാണ് ലേബർ കമ്മീഷണറുടെ നിർദ്ദേശാനുസരണം ജില്ലാ ലേബർ ഓഫീസർ ഇടപെട്ടത്. കാരിയറിൽ ഉണ്ടായിരുന്നത് 345 ബോക്‌സാണ്. ലോറി പാർക്ക് ചെയ്‌തിരുന്ന സ്ഥലത്തുനിന്ന് ഗോഡൗണിലേക്ക് ദൂരം കൂടുതലായതിനാൽ ബോക്സൊന്നിന് തൊഴിലാളികൾ 60 രൂപ നിരക്ക് ആവശ്യപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരുന്നുകൾ ഒരു തർക്കവുമില്ലാതെ ഇറക്കാറുണ്ടെന്നും ലോറി ഡ്രൈവറുമായുള്ള ആശയവിനിമയത്തിൽ വന്ന പ്രശ്‌നമാണിതെന്നും കണ്ടെത്തി. തുടർന്ന് ലേബർ ഓഫീസർ തൊഴിലാളി നേതാക്കളുമായും സ്റ്റോർ സൂപ്രണ്ടുമായും നടത്തിയ ചർച്ചയിൽ 35 കിലോഗ്രാം അടങ്ങുന്ന ബോക്‌സൊന്നിന് 30 രൂപ നിരക്കിൽ ഇറക്കാമെന്ന് തൊഴിലാളികൾ സമ്മതിച്ച് ലോഡിറക്കിയെങ്കിലും അവർ പ്രതിഫലം വാങ്ങിയില്ല.

സേവന സന്നദ്ധരായ തൊഴിലാളികൾ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പലയിടത്തും സൗജന്യമായാണ് ഓക്‌സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് നടത്തുന്നത്. മരുന്നുകളുടെ കയറ്റിറക്കിലും കൂലി വിഷയത്തിലും തർക്കങ്ങളുണ്ടായാൽ തൊഴിൽ വകുപ്പ് ഇടപെട്ട് പരിഹരിക്കുന്നുണ്ടെന്നും ലേബർ കമ്മീഷണർ അറിയിച്ചു.