മലയിൻകീഴ്: ആരോഗ്യം ക്ഷയിച്ച് രോഗബധിരായ വൃദ്ധ സഹോദരങ്ങളെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി ശുശ്രൂഷ നൽകി. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ പുതുവീട്ട് മേലെ കവലോട്ടുകോണം കിഴക്കുംകര വീട്ടിൽ ദേവദാസൻ (80) സഹോദരി ഗിബി(75) എന്നിവരാണ് അസുഖ ബാധിരായി കിടന്നത്. പാഥേയം പദ്ധതി പ്രകാരമുള്ള ഉച്ച ഭക്ഷണവുമായി വൊളന്ററിയൻന്മാർ എത്തിയപ്പോഴാണ് സഹോദരങ്ങളുടെ ദയനീയാവസ്ഥ അറിയുന്നത്.ഉടനെ വാർഡ് അംഗം ഈഴക്കോട് ജോണിയെ അവർ വിവരമറിയിക്കുകയും ആരോഗ്യപ്രവർത്തകരെ (പാലിയേറ്റിവ് കെയർ) വിളിച്ച് വരുത്തി വൃദ്ധ സഹോദരങ്ങൾക്ക് വേണ്ടുന്ന പ്രാഥമിക ചികിത്സയും പരിചരണവും നൽകി. ഗിബിയുടെ ശരീരമാകെ വൃണം വന്ന് പുഴുവരിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് എത്തിയ സന്നദ്ധ പ്രവർത്തകർ വീടും പരിസവും ശുചീകരിച്ചു. ഇവരുടെ ഇനിയുള്ള ചികിത്സയും ഭക്ഷണവും വാർഡ് അംഗത്തിന്റെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ഈഴക്കോട് ജോണി അറിയിച്ചു. വാർഡിലെ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നും നേരതെ നൽകി തുടങ്ങിയിരുന്നു.