marinja-mini-lory

ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിന് സമീപം വീണ്ടും ഫ്രീസർ ലോറി മറിഞ്ഞു. ഡ്രൈവർ തിരുവനന്തപുരം സ്വദേശി അംജത്ത് ഖാൻ (24) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് മത്സ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫ്രീസർ ഘടിപ്പിച്ച മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയത്ത് അമിത വേഗതയിൽ വന്ന വാഹനം വളവിൽ വച്ച് ബ്രേക്ക് ചെയ്തപ്പോൾ തെന്നി നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു. അംജത്ത് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. മിനി ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ അംജത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇതേ സ്ഥലത്ത് ഞായറാഴ്ചയും സമാന അപകടം നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇവിടെ 5 അപകടങ്ങളാണ് നടന്നത്.