തിരുവനന്തപുരം: കൊവിഡ് സമൂഹത്തിനേൽപ്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ തീവ്രത കുറയ്ക്കാൻ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്" പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ ജില്ലയിലെയും മെന്റൽ ഹെൽത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സൈക്കോസോഷ്യൽ സപ്പോർട്ട് ടീം തുടങ്ങിയത്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ തുടങ്ങി 1400പേർ പദ്ധതിയുടെ ഭാഗമാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളെയുൾപ്പെടുത്തി ടീം വിപുലീകരിക്കും.
കൊവിഡ് ബാധിതരായവർക്ക് പുറമേ മാനസികരോഗ്യമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വൃദ്ധർ തുടങ്ങി പിന്തുണ ആവശ്യമുള്ളവരെയും പദ്ധതിയിലൂടെ ബന്ധപ്പെടുന്നുണ്ട്. പുതുതായി ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ള ഹെല്പ് ലൈനും ആരംഭിച്ചു. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ്പ് ലൈൻ നമ്പരുകൾ ലഭ്യമാണ്. കൂടാതെ സംസ്ഥാനാടിസ്ഥാനത്തിൽ ദിശ ഹെൽപ്പ് ലൈനിന്റെ 1056, 0471 2552056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.
ഓക്സിജൻ പാഴാക്കുന്നത്
തടയാൻ പരിശോധന
15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നതെന്നും നിലവിൽ ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്ന സ്ഥിതിയാണിപ്പോൾ. എല്ലാ ജില്ലകളിലും ഇക്കാര്യം പരിശോധിച്ച് ടെക്നിക്കൽ ടീം നടപടിയെടുക്കും. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് മൂന്ന് ഓക്സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. രോഗികൾക്ക് അത്യാവശ്യമുള്ള പൾസ് ഓക്സിമീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും നടപടി തുടങ്ങി. ഇതിനായി സ്റ്റാർട്ടപ്പുകളെയടക്കം ബന്ധപ്പെടും.
രണ്ടാമത്തെ തരംഗം കൂടുതൽ തീവ്രമായതിനാൽ ഡബിൾ മാസ്കിംഗ്, അല്ലെങ്കിൽ എൻ 95 മാസ്കുകൾ എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകൾ ശുചിയാക്കുക എന്നീ കാര്യങ്ങൾ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങൾ, ആൾക്കൂട്ടം, അടുത്തിടപെടലുകൾ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത പുലർത്തണം. രോഗവ്യാപനം കരുത്താർജ്ജിക്കുന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യം വന്നേക്കാം. അതുകൊണ്ടു കൂടിയാണ് ലോക്ക്ഡൗൺ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.