കോവളം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിദേശ കപ്പലുകൾ ഇന്ത്യയിൽ ക്രൂചെയ്ഞ്ചിംഗ് നടത്തുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച അറിയിപ്പ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് പോർട്ട് അധികൃതർക്ക് കൈമാറിയെന്നാണ് വിവരം.

ഒരു മാസത്തേക്ക് വിദേശ കപ്പലുകളെ ഇന്ത്യൻ പോർട്ടുകളിൽ വിലക്കാനാണ് തീരുമാനം. ഇത് നടപ്പിലായാൽ ജോലിസമയം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ഇവർക്ക് കരയ്ക്കിറങ്ങുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ജോലി സമയം കഴിഞ്ഞും തൊഴിലാളികൾക്ക് വീണ്ടും മാസങ്ങളോളം കപ്പലിൽ കഴിയേണ്ടിവരും.

നിയന്ത്രണം വരുന്നത് വിഴിഞ്ഞം ക്രൂചെയ്ഞ്ചിംഗ് സെന്ററിനും തിരിച്ചടിയാണ്. പ്രവർത്തനം തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ കപ്പലുകൾ ക്രൂചെയ്‌ഞ്ചിംഗിനെത്തിയ തുറമുഖത്തിന്റെ വരുമാനവും കുറയും. വിലക്ക് ഒരു മാസത്തേക്കോ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതുവരെയോ ഉണ്ടാകാനാണ് സാദ്ധ്യത.