തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരുടെയും സംയുക്ത അവലോകനയോഗം ചേർന്നു. ജില്ലയുടെ ചുമതലക്കാരനായ നിയുക്ത എം.എൽ.എ കടകംപളളി സുരേന്ദ്രൻ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം തുടങ്ങാൻ തീരുമാനിച്ചു. 3 ആംബുലൻസുകളും 5 ഓട്ടോറിക്ഷകളും നിരന്തരം സർവീസ് നടത്തും, സന്നദ്ധപ്രവർത്തകരായ 10 വോളണ്ടിയേഴ്സ് പകൽ സമയത്തും 5 പേർ രാത്രികാലങ്ങളിലും കൺട്രോൾ റൂമിലുണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ഉറപ്പാക്കും. കമ്മ്യൂണിറ്റി കിച്ചൻ വഴി കൊവിഡ് രോഗികൾക്ക് ആഹാരമെത്തിക്കും. മരുന്നുകളും പി.പി.ഇ കിറ്റ്,മാസ്ക് സാനിറ്റൈസർ എന്നിവ ലഭ്യമാക്കും.