കൊയിലാണ്ടി: ലോക്‌ഡൗണിന്റെ മൂന്നാം ദിനത്തിൽ പൊലീസ് കടുപ്പിച്ചതോടെ കൊയിലാണ്ടി നിശ്ചലമായി. നഗരത്തിലേക്ക് വന്ന വാഹനങ്ങൾ കർശനമായി പരിശോധനയ്ക്ക് വിധേയമാക്കി. ആശുപത്രി, ബാങ്ക് എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് മാത്രമാണ് യാത്രാനുമതി നൽകിയത്. ആരോഗ്യ പ്രവർത്തകർക്കായി താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങുന്നത് പരമാവധി കുറയ്ക്കാൻ കഴിഞ്ഞതായി പൊലീസ് പറഞ്ഞു. മത്സ്യ തൊഴിലാളികൾ സർക്കാറിനോടൊപ്പം നിന്ന് ജോലിക്ക് പോകാതിരുന്നതോടെ ഹാർബർ നിശ്ചലമായി. പുറമെ നിന്ന് എത്തുന്ന മീൻ കാലത്ത് തന്നെ വിപണനം നടത്തി പരമാവധി തിരക്ക് കുറയ്ക്കാൻ സംവിധാനമൊരുക്കി. കഴിഞ്ഞ തവണ വലിയ പ്രയാസം സൃഷ്ടിച്ച മേഖലയായിരുന്നു മത്സ്യമേഖല . ഇറക്കുമതി ചെയ്ത മത്സ്യ വിപണനവും ഒഴിവാക്കണമെന്ന അഭിപ്രായവും തൊഴിലാളികൾക്കുണ്ട്. കഴിഞ്ഞദിവസം കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച മൂന്ന് സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. വാർഡ് തല സമിതികൾ പലയിടത്തും സജീവമല്ലന്ന അഭിപ്രായവും ഉണ്ട്.