വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിൽ പഞ്ചായത്തുതല മെഡിക്കൽ ടീം രൂപീകരിക്കാൻ ഡി.കെ. മുരളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു. മെഡിക്കൽ ഓഫീസർമാർ, മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർത്ഥികൾ, മറ്റാരോഗ്യപ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് മെഡിക്കൽ ടീം. മണ്ഡലത്തിൽ ഡൊമസ്റ്റിക് കെയർ സെന്ററുകളും കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ആരംഭിച്ചു. വെഞ്ഞാറമൂട് പ്രീമെട്രിക് ഹോസ്റ്റൽ ഡി.സി.സി ആക്കുമെന്നും സന്നദ്ധ പ്രവർത്തകരായി രജിസ്റ്റർ ചെയ്തവരെ സജ്ജീവമാക്കുമെന്നും പൾസ് ഓക്സിമീറ്റർ ലഭ്യതക്കുറവ് പരിഹരിക്കുമെന്നും പഞ്ചായത്തുകളിലെ വാർ റൂമും ഹെൽപ്പ് ഡെസ്കും മുഴുവൻ സമയം പ്രവർത്തിപ്പിക്കുമെന്നും അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. രാജേഷ്, ജി.ഒ. ശ്രീവിദ്യ, ജി.ജെ. ലിസി, എസ്. മിനി, എം.എം. ഷാഫി, എസ്. ഷൈലജ രാജീവൻ, തഹസിൽദാർ ജി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.