നിനച്ചിരിക്കാത്ത തിരോധാനങ്ങളുടെ ഘോഷയാത്രയാണ്. ഗൗരിയെന്ന സ്‌ത്രീ നൂറ്റാണ്ടുകടന്ന മനുഷ്യായുസു മാത്രമല്ല; കേരളീയ സ്‌ത്രീത്വം പരുവപ്പെട്ട വലിയ കാലയളവാണ്. 2005- 06ൽ അവരോടൊപ്പം വകുപ്പദ്ധ്യക്ഷനായി ചെലവിട്ട സമയം വാടാത്ത ഓർമ്മയാണ്.
എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയാണന്ന്. ഉദ്യോഗസ്ഥരോടവർ ഉദാരമതിയായിരുന്നു, വിശ്വസിച്ചാൽ നൂറുശതമാനം പിന്തുണ നൽകുമായിരുന്നു. വിശ്വാസഭംഗം വന്നാൽ ശാസിക്കും.
വകുപ്പദ്ധ്യക്ഷനായുള്ളപ്പോൾ മിക്കപ്പോഴും രാവിലെ ഏഴുമണിക്കു മുൻപ് ഗൗരിഅമ്മയുടെ ടെലിഫോൺ വരുമായിരുന്നു. എന്റെ നിലപാടിനു വിരുദ്ധമാണ് സെക്രട്ടേറിയറ്റിന്റെ 'വ്യൂ" എങ്കിൽ ഗൗരിഅമ്മ വിളിപ്പിക്കും. എന്നെ നേരിൽകേട്ട ശേഷമേ തീരുമാനിക്കൂ. വകുപ്പദ്ധ്യക്ഷനെ 'ലെറ്റ് ഡൗൺ" ചെയ്യുന്ന ഒരു തീരുമാനവും ഉണ്ടാവുമായിരുന്നില്ല. ഒരു പ്രഭാതത്തിൽ ഗൗരിഅമ്മയുടെ പരുക്കൻ കാൾ - 'എടോ താനെന്റെ ABC ഫാമൊക്കെ വിറ്റോ? ' എന്നോടൊന്നും പറയാതെ !
മൃഗസംരക്ഷണവകുപ്പിന്റെ ഒരു ഫാമിൽ സംരംഭകത്വം ഉൾക്കൊള്ളുന്ന കരാർ ആലോചിച്ചിരുന്നു. വിദേശത്തെ കംപ്യൂട്ടർവത്കൃത സാങ്കേതികവിദ്യയൊക്കെ ഉപയോഗിച്ച്. യൂണിയൻകാർ കൃത്യമായി ഏഷണി കൂട്ടി സബോട്ടൊഷ് ചെയ്തിരിക്കുന്നു. ' നേരിൽ വന്ന് സംസാരിക്കാം" എന്നുപറഞ്ഞ് ചെന്നു. സംസാരിച്ചപ്പോൾ ഗൗരിഅമ്മ പുഞ്ചിരിച്ചു. 'ഇത്രേയുള്ളൂ. ഇതിനാണോ ഇവന്മാർ ഇത്ര ബഹളമുണ്ടാക്കുന്നു!' ഫയലിൽ ഒപ്പിട്ട് പ്രാതലിനു ക്ഷണിച്ചു.
സർവീസിൽ തഴയപ്പെട്ടിരുന്ന ഐ.ജി അനന്തശങ്കരയ്യരെ 1987ൽ ഗൗരിഅമ്മ വിജിലൻസ് ഡയറക്ടറാക്കി. വിനയാന്വിതനായ, ഉയരം കൂടിയ സ്വാമി ചുമൽ കുനിച്ച് മുന്നിൽ വന്നപ്പോൾ 'നിവർന്നു നിൽക്ക് സ്വാമീ, താനിപ്പോ ഐ.ജിയല്ലേ" എന്നുപറഞ്ഞ നാവാണ് ഗൗരിഅമ്മയുടേത്.
ദുർബലരോട് കലവറയില്ലാത്ത കൂറ് അവർക്കുണ്ടായിരുന്നു. പശുക്കളുടെയും വളർത്തുമൃഗങ്ങളുടെയും വാക്സീകരണത്തിന് ചെറിയ ഫീസ് ഈടാക്കണമെന്ന എന്റെ ശുപാർശയിൽ ഗൗരിഅമ്മ നീരസപ്പെട്ടു. പണം ശേഖരിക്കാനല്ല വാക്സീകരണ സ്ഥിതിവിവരക്കണക്ക് ഉറപ്പിക്കാനാണ് ചെറിയ തുകയെന്ന് പ്രസ് ചെയ്തപ്പോൾ തൃപ്തിയില്ലാതെ ഫയൽ ഒപ്പിട്ടു. എന്നെ നോക്കി എ.പി.സിയോടു പറഞ്ഞു. 'ഇയാൾ ദയവില്ലാത്തവനാ. നമ്മളെ തോല്‌പിക്കുമെന്നാ തോന്നുന്നത് " മാനവികതയുടെയും സ്ത്രീത്വത്തിന്റെയും വാടാത്ത പനിനീർപ്പൂവായി ഗൗരി മരണത്തെയും ദുർബലമാക്കുന്നു.