മുടപുരം: ദിവസവും നൂറുകണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും ബസ് കാത്തുനിൽക്കുന്ന അഴൂർ ഹൈസ്കൂൾ ജംഗ്‌ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. 2005 ൽ ഹയർ സെക്കൻഡറി അനുവദിക്കുന്ന സമയം മുതൽ ഇവിടെ കാത്തിരിപ്പ് കേന്ദ്രം വേണമെന്നാവശ്യം ഉയർന്നതാണ്.
ഹൈസ്കൂളിനോട് ചേർന്ന് അങ്കണവാടിയും പഞ്ചായത്ത് മിനി സ്റ്റേഡിയവും വി.ഇ.ഒ ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ട് തദ്ദേശീയർക്ക് പുറമേ വിദ്യാർത്ഥികൾക്കും ഓഫീസിൽ വരുന്നവർക്കും അദ്ധ്യാപകർക്കും മിനിസ്റ്റേഡിയത്തിൽ വരുന്ന കായിക താരങ്ങൾക്കും മറ്റു ജീവനക്കാർക്കും ബസ് കാത്തുനിൽക്കേണ്ട സ്ഥലമാണ് ഇവിടെയാണ്. കൊറോണക്കാലമായതിനാൽ ഇപ്പോൾ വിദ്യാർത്ഥികൾ ഇല്ലെന്നേയുള്ളൂ. അഴൂർ പഞ്ചായത്തിലെ അഴൂർ മാർക്കറ്റ് ജംഗ്‌ഷൻ, സി.വൈ.സി ജംഗ്‌ഷൻ, മുട്ടപ്പലം മാർക്കറ്റ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ പുതിയ വെയിറ്റിംഗ് ഷെഡ് ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഹൈസ്കൂൾ ജംഗ്‌ഷൻ ഒഴിവാക്കിയത് അനീതിയാണ് എന്ന് നാട്ടുകാർ പറഞ്ഞു. അതിനാൽ ഈ ജംഗ്‌ഷന്റെ പ്രാധാന്യം മനസിലാക്കി ഇവിടെ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ ജനപ്രതിനിധികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.