തിരുവനന്തപുരം: വിവാഹത്തിനും മരണത്തിനും 20 പേരിൽ കൂടുതലായാൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസിൻെറ മുന്നറിയിപ്പ്. 20 പേരിൽ കൂടുതലായി ഒരാൾ പങ്കെടുത്താൽപോലും വരൻ, വധു ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കെതിരെയും കേസെടുക്കാനാണ് നിർദ്ദേശം.

സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്.

മേയ് 8, 9 തീയതികളിൽ നടന്ന വിവാഹച്ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയതിൻെറ പേരിൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നാല് കേസുകളെടുത്തിരുന്നു. വിവാഹം നടക്കുന്ന

ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും. രണ്ട് വർഷം തടവും 5000 രൂപ പിഴയും ശിക്ഷിക്കാവുന്ന വകുപ്പാണ് ചുമത്തുന്നത്. വിവാഹത്തിന് അനുമതി തേടി ജാഗ്രതാപോർട്ടലിൽ അപേക്ഷിക്കുന്നതു മുതൽ ചടങ്ങ് പൂർത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.