tax

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്താൻ ആദായനികുതി വകുപ്പ് ഒരുങ്ങുന്നു. വൻതുകയുടെ ഇടപാടുകളും നികുതിവെട്ടിപ്പും കണ്ടെത്താനാണിത്. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തും. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ചില സ്വകാര്യ ആശുപത്രികളുടെ കള്ളപ്പണമിടപാടുകൾ വൻതോതിൽ വർദ്ധിച്ചതായി സൂചന ലഭിച്ചിരുന്നു.

നടപ്പാക്കാതെ ചില ആശുപത്രികൾ

സ്വകാര്യ ആശുപത്രികളുടെ കൊവിഡ് ചികിത്സാ നിരക്ക് സർക്കാർ നിശ്ചയിച്ചെങ്കിലും പല ആശുപത്രികളിലും നടപ്പാക്കിയിട്ടില്ലെന്ന് പരാതി ഉയരുന്നു. പഴയ നിരക്കിലാണ് ചില ആശുപത്രികൾ ബില്ല് നൽകുന്നത്. നിരക്ക് കുറച്ചതോടെ പല ആശുപത്രികളും പുതുതായി രോഗികളെ എടുക്കാത്ത അവസ്ഥയാണ്. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞാണ് ഒളിച്ചുകളി.