ആറ്റിങ്ങൽ: തിരുവനന്തപുരം റൂറൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും നൻമ ഫൗണ്ടേഷനും കലാഭവൻമണി സേവന സമിതിയും സംയുക്തമായി ഒരു വയറൂട്ടാം പദ്ധതി വീണ്ടും ആറ്റിങ്ങലിൽ ആരംഭിച്ചു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ഇവർ ഇത്തരത്തിൽ ധാരാളം പേർക്ക് ഭക്ഷണം നൽകിയിരുന്നു.
ഇക്കുറി ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ ആറ്റിങ്ങൽ പട്ടണത്തിൽ നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്. പട്ടണത്തിന്റെ ഭാഗങ്ങളിൽ ഭക്ഷണം കിട്ടാതെ അലയുന്നവരെ കണ്ടെത്തിയാണ് ഭക്ഷണം നൽകുന്നത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കേഡറ്റുകളാണ് ഭക്ഷണപ്പൊതി ശേഖരിച്ച് നൽകുന്നത്.
ആറ്റിങ്ങൽ സി.ഐ രാജേഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ.പ്രകാശ്, കലാഭവൻ മണി സേവന സമിതി പ്രവർത്തകർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ലോക്ക് ഡൗൺ കാലയളവ് മുഴുവൻ ഭക്ഷണവിതരണം തുടരാനാണ് തീരുമാനം.