പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. 353 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മരണം ഒൻപതായി. കരിമൺകോട്, ഇക്ബാൽ കോളേജ്, കൊച്ചുകരിക്കകം എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ആദിവാസി മേഖലയിൽ കൊവിഡ് രോഗികൾ കഴിഞ്ഞിരുന്ന വീടുകൾ ആദിവാസി ക്ഷേമസമിതി ഭാരവാഹികൾ അണുവിമുക്തമാക്കി. ഇതോടൊപ്പം ഭക്ഷ്യധാന്യങ്ങലും എത്തിച്ചു നൽകിയിട്ടുണ്ട്. കരിമ്പിൽകാല സുരേഷ്, എം.വി. ഷിജുമോൻ, സെൽവരാജ്, അനിൽകുമാർ, ഹരി കാട്ടിലക്കുഴി എന്നിവർ നേതൃത്വം നൽകി. ഞാറനീലി സി.ബി.എസ്.ഇ സ്കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. ഇയ്യക്കോട്ട് ഒരു വീട്ടിൽ നടന്ന ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതിൽ മൂന്നുപേരാണ് കഴിഞ്ഞ രണ്ടു ദിവസമായി മരിച്ചത്. പെരിങ്ങമ്മല പി.എച്ച്.സിയുടെയും പാലോട് സി.ഐ സി.കെ. മനോജ്, പ്രോജക്ട് ഓഫീസർ റഹിം, ട്രൈബൽ ഓഫീസർ ഹരിനാഥ്, വാർഡ് മെമ്പർ ഷീബ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലം ലഭിക്കുന്നതോടെ രോഗവ്യാപ്തിയുടെ തോത് വ്യക്തമാകും. പരിശോധനകളുടെ എണ്ണം കൂട്ടി രോഗികൾക്ക് ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്.