ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷം. 9 വാർഡുകൾ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. മരണം 23 ആയതോടെ ജനം പരിഭ്രാന്തിയിലാണ്.
നിലവിൽ 290 പേരാണ് കൊവിഡ് ബാധിതരായുള്ളത്. ഇവിടെ 3920 പേർക്ക് വാക്സിൻ നൽകിയതായും 2950 ആന്റിജൻ ടെസ്റ്റും 1550 ആർ.ടി.പി.സി.ആർ ടെസ്റ്റും ഇതുവരെ നടത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു പറഞ്ഞു.
കൊവിഡ് വ്യാപനം കൂടിവരുന്നതിനാൽ ശക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചതായി സെക്രട്ടറി അനില കുമാരി പറഞ്ഞു. എല്ലാവാർഡുകളിലും നിരീക്ഷണത്തിന് നോഡൽ ഓഫീസർമാരെ നിയോഗിക്കാനും ഇവരുടെ നിർദ്ദേശപ്രകാരം കമ്മ്യൂണിറ്റി കിച്ചൻ വഴി ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാനും തീരുമാനിച്ചു.
30 ഓക്സിമീറ്ററുകൾ എത്തിച്ചു കഴിഞ്ഞു. 20 വാർഡിലും ഓരോന്നും കൊവിഡ് കെയർ സെന്ററിലും ഗവൺമെന്റ് ആശുപത്രിയിലുമായി അഞ്ചെണ്ണം വീതവും നൽകാനാണ് തീരുമാനം.
കോരാണി രേവതി ഓഡിറ്റോറിയത്തിൽ 47 കിടക്കകൾ സജ്ജീകരിച്ചുകഴിഞ്ഞു. രണ്ട് സഹകരണ സംഘങ്ങൾ ആവശ്യത്തിന് ഓക്സിമീറ്ററുകളും പി.പി.ഇകിറ്റും നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്നലെ പള്ളിയറയിൽ കൊവിഡ് ടെസ്റ്റിന് സൗകര്യം ഒരുക്കിയിരുന്നു. ഇന്ന് ആനൂപ്പാറ എൽ.പി.എസിൽ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് സംബന്ധമായ എന്ത് ആവശ്യത്തിനും വിളിക്കാനുള്ള ഹെൽപ്പ് ഡെസ്ക് നമ്പരുകൾ: 9846971299, 7736800465.