d

തിരുവനന്തപുരം:ജില്ലയിൽ ശമിക്കാതെ കൊവിഡ് വ്യാപനം.ഇന്നലെ 3,700 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3,287 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഗ്രാമ, നഗര ഭേദമില്ലാതെയാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.മലയോര പഞ്ചായത്തുകളിൽ രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ടെസ്റ്ര് പോസിറ്റിവിറ്റി നിരക്കിലും കുറവ് വന്നിട്ടില്ല. 27.4 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന നിരക്കിനെക്കാൾ ഉയർന്നതാണ് ജില്ലയിലെ ടി.പി.ആർ. 26.77 ശതമാനമാണ് ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആഴ്ചകൾ പിന്നിട്ടിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് താഴെയെത്തിക്കാൻ സാധിക്കാത്തത് ശുഭസൂചനയല്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല്പതിനായിരത്തോടടുത്തു. 39,705 പേരാണ് ജില്ലയിലെ ആകെ രോഗികൾ. 95,115 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 10 ആരോഗ്യ പ്രവർത്തകർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 2,831 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലയിൽ പുതുതായി 4,568 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 4,397 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 3,700

സമ്പർക്ക രോഗികൾ - 3,287

രോഗമുക്തി - 2,831

ആകെ രോഗികൾ - 39,705

നിരീക്ഷണത്തിലുള്ളവർ - 95,115