നെടുമങ്ങാട്: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കരകുളം പഞ്ചായത്തിനുകീഴിൽ പുതുതായി ആരംഭിച്ച ഡൊമിസിലറി കെയർ സെന്റർ നിയുക്ത എം.എൽ.എ അഡ്വ. ജി.ആർ. അനിൽ നിർവഹിച്ചു. 114 കിടക്കകൾ ഒരുക്കിയിട്ടുള്ള ഡി.സി.സിയിൽ പുറത്തു നിന്ന് വരുന്നവർക്ക് താമസിക്കാമെങ്കിലും പഞ്ചായത്തിന് അകത്തുള്ള രോഗികൾക്കായിരിക്കും മുൻഗണന. സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ഡി.സി.സി തയ്യാറാക്കിയിട്ടുള്ളത്. പുരുഷന്മാർക്കായി മറ്റൊരു കെട്ടിടത്തിലും കിടക്കകൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലും ഡി.സി.സികളുടെ പ്രവർത്തനം സജ്ജമാക്കിയതായി ജി.ആർ. അനിൽ അറിയിച്ചു. കരകുളം പഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി, വൈസ് പ്രസിഡന്റ് ടി. സുനിൽകുമാർ, ആരോഗ്യവിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രാജീവ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകണ്ഠൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. രാജപ്പൻ നായർ, കെ. ഉദയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ, ഹെൽത്ത് ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാർ, സാബു, ശ്രീകല, ഹസീന, ജയന്തി, അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.