kanda-swami

ചെന്നൈ: തമിഴ്നാട് വിജിലൻസ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി ഐ.പി.എസ് ഉദ്യോഗസ്ഥൻ പി.കന്തസാമിയെ നിയമിച്ചു. ഡി.ജി.പി റാങ്കോടു കൂടിയാണ് നിയമനം. മുഖ്യമന്ത്രി സ്റ്റാലിൻ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണ് കന്തസാമിയെ നിയമിച്ചതെന്നാണ് വിലയിരുത്തൽ.

2010ൽ സൊഹ്റാബുദ്ദീൻ ഷെയ്ക്ക് ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്ത സി.ബി.ഐ അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു കന്തസാമി. തമിഴ്നാട് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ കന്തസാമി സി.ബി.ഐയിൽ ഐ.ജി ആയിരുന്നപ്പോഴാണ് തന്റെ ഡെപ്യൂട്ടി ആയിരുന്ന ഡി.ഐ.ജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസിൽ അമിത് ഷായെ കോടതി പിന്നീട് കുറ്റവിമുക്തനാക്കി.

അധികാരം ലഭിച്ചാൽ എ.ഐ.ഡി.എം.കെയിലെ അഴിമതിക്കാരായ മന്ത്രിമാരെ വെറുതെ വിടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സ്റ്റാലിൻ ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

മുൻമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിക്കെതിരെ ഉൾപ്പെടെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലൻസിനും ഗവർണർക്കും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സംഘം പരാതി നൽകിയിരുന്നു. ഈ പരാതികൾ വിജിലൻസ് കുത്തിപ്പൊക്കിയാൽ മാത്രം മതി പല മുൻ മന്ത്രിമാരുടെയും ഉറക്കം നഷ്ടപ്പെടാൻ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ്.എൻ.സി ലാവ്‌ലിൻ കേസും കന്തസാമി അന്വേഷിച്ചിരുന്നു.