gouri-letter

തിരുവനന്തപുരം: ഒരു നൂറ്റാണ്ട് മുമ്പ് ജനിച്ച കെ.ആർ. ഗൗരി, ഗൗരി അമ്മയായി മാറിയതിന് അവരുടെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തോളം നീണ്ട ചരിത്രമുണ്ട്.

നാല്പതുകളുടെ അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പി. കൃഷ്ണപിള്ളയിൽ നിന്ന് അംഗത്വമെടുക്കുമ്പോൾ കെ.ആർ. ഗൗരി ആയിരുന്നു.

1957ൽ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ചരിത്രം തിരുത്തിയ ഭൂപരിഷ്കരണ നിയമത്തിന് ബീജാവാപം നൽകുമ്പോൾ റവന്യൂമന്ത്രിയായ അവർ കെ. ആർ. ഗൗരി മാത്രമായിരുന്നു. അതിനും മുമ്പേ ടി.വി. തോമസിനെ പ്രണയിക്കുമ്പോഴും കെ. ആർ ഗൗരി ആയിരുന്നു.

57ലെ മന്ത്രിസഭയിൽ അംങ്ങളായിരിക്കെ ആണ് ഇരുവരുടെയും വിവാഹം പാർട്ടി നടത്തുന്നത്. അന്ന് ടി. വി തോമസിന്റെ പേരിലുള്ള ക്ഷണക്കത്തിലും കെ.ആർ. ഗൗരി എന്നായിരുന്നു പേര്. ഉപചാരപൂർവം കെ. ആർ ഗൗരിയും അന്നത്തെ പാർട്ടി സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായരും.

1965ലും 1967ലും നിയമസഭാംഗമായത് കെ. ആർ. ഗൗരി തോമസ് എന്ന പേരിലായിരുന്നു. പിൽക്കാല നിയമസഭാരേഖകളിൽ 1987ലെ തിരഞ്ഞെടുപ്പ് കാലം വരെയും പേര് കെ.ആർ. ഗൗരി എന്നാണ് കാണുന്നത്. 87ലെ തിരഞ്ഞെടുപ്പിൽ കേരളം പാടി നടന്നതും 'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും' എന്നായിരുന്നല്ലോ.

നിയമസഭാ രേഖകളനുസരിച്ച് 1991 മുതലാണ് കെ.ആർ. ഗൗരി അമ്മയാകുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി അവരുടെ അവസാനത്തെ മത്സരവും 91ലേതായിരുന്നു എന്നത് യാദൃച്ഛികമാവാം.

ഗൗരിയെ ഗൗരി അമ്മയാക്കിയത് പാർട്ടി പ്രവർത്തകരാണ്. ഔദ്യോഗിക രേഖകളിൽ ഗൗരി ആയിരിക്കുമ്പോഴും പാർട്ടി തറവാട്ടിലെ കാരണവത്തിയുടെ പരിവേഷം കിട്ടിയപ്പോൾ മുതൽ അവർ ഗൗരി അമ്മയായി.

1976ൽ ഭർത്താവ് ടി.വി.തോമസ് അർബുദബാധിതനായി മുംബയിൽ ചികിത്സയിൽ കഴിയുമ്പോൾ ഗൗരിയെ കാണണമെന്ന് ആഗ്രഹിച്ചു. അടിയന്തരാവസ്ഥക്കാലത്തെ സി.പി.ഐ മന്ത്രിസഭയിൽ അംഗമായ ഭർത്താവിനെ കാണാൻ സ്വന്തം പാർട്ടിയായ സി.പി.എമ്മിന്റെ അനുവാദം ആദ്യം കിട്ടിയില്ല. പക്ഷേ പിന്നീട് പാർട്ടി സമ്മതിച്ചു. അങ്ങനെ 1976 നവംബറിൽ ഗൗരി അമ്മ മുംബയിലെത്തി. അന്ന് തോമസിന്റെ ആശുപത്രി ചികിത്സയ്ക്ക് സഹായിയായി നിന്ന പുഷ്പാകർ എന്നയാളാണ് ഗൗരി അമ്മയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തത്. വികാരനിർഭരമായിരുന്നു ആശുപത്രിയിൽ തോമസിന്റെയും ഗൗരിയുടെയും സമാഗമം. നാട്ടിൽ തിരിച്ചെത്തി പുഷ്പാകറിന് നന്ദി അറിയിച്ച് ഇംഗ്ലീഷിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലും കെ.ആർ.ഗൗരി എന്നാണ് പേരെഴുതി ഒപ്പിട്ടത്.

സ്വയം അവർ ഗൗരി ആയിരുന്നു. വിപ്ലവകേരളം അവരെ അമ്മയാക്കി സ്നേഹം പകർന്നു.