police

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന് നേരേ ഫോണിലൂടെ തട്ടിക്കയറിയ നെയ്യാറ്റിൻകര ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ടിയാറ റോസ് മേരിയെ നെയ്യാറ്റിൻകര അഡീഷണൽ മുൻസിഫ് രണ്ടായി ഹൈക്കോടതി മാറ്റി നിയമിച്ചു. അഡീഷണൽ മുൻസിഫ് ഒന്ന് ബി.ശാലിനിയെ പകരം മജിസ്ട്രേട്ടായി നിയമിച്ചു.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നൽകിയ അന്വേഷണ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി. മുൻസിഫാക്കിയതിനാൽ ടിയാറ റോസ് മേരി ഇനി സിവിൽ കേസുകൾ മാത്രം കൈകാര്യം ചെയ്താൽ മതി. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന മജിസ്ട്രേട്ടിൻെറ നടപടി ക്രമങ്ങളിൽ നിന്നാണ് പൂർണമായും മാറ്റിത്.

കാണാതായ ആളെ കണ്ടെത്തിയ വിവരം വിളിച്ചറിയിച്ച പാറശാല പൊലീസ് ഉദ്യോഗസ്ഥനെയാണ് മജിസ്‌ട്രേട്ട് വിരട്ടിയത്. 'മാഡം, നമസ്‌കാരം, പാറശാല പൊലീസാണെ'ന്ന് പറഞ്ഞു തുടങ്ങുന്ന ഫോൺ വിളി സോഷ്യൽ മീഡിയയിൽ വൈറലാവുകയും മാദ്ധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. 'ങ്ങാ, എന്താ കാര്യം എന്ന് ചോദിക്കുന്ന മജിസ്‌ട്രേട്ട് 'നിങ്ങളുടെ ആരെങ്കിലും ചത്തോ. ഒരു കോള് വിളിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് വിളിച്ചില്ലെങ്കിൽ ഉറക്കം വരില്ലേ' എന്നും ചോദിക്കുന്നു. 'മാഡം, കാണാതായ ഒരു പെൺകുട്ടി' എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുമ്പോൾ, 'കുറച്ച് നേരം അവിടെ വെയിറ്റ് ചെയ്യട്ടെ. എനിക്ക് തോന്നുമ്പോഴേ വന്ന് എടുക്കാൻ പറ്റൂ. ഇനി മേലാൽ വിളിച്ചാൽ വിവരം അറിയു'മെന്ന് മജിസ്‌ട്രേട്ട് താക്കീത് ചെയ്യുന്നു. 'സാേറി മാഡം' പറഞ്ഞ്, പൊലീസ് ഫോൺ വിളി അവസാനിപ്പിച്ചു.

ഇതിന് പിന്നാലെ, ഒരു പൊലീസ് ഓഫീസറും തന്നെ നേരിട്ട് ഫോണിൽ വിളിക്കരുതെന്നും ഔദ്യോഗികാവശ്യത്തിന് ചീഫ് മിനിസ്റ്റീരിയൽ ഓഫീസറെയോ ബെഞ്ച് ക്ളാർക്കിനെയോ വിളിക്കണമെന്നും കാണിച്ച് നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതിയുടെ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനുകളിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും എക്‌സൈസിനും മജിസ്‌ട്രേട്ട് രേഖാമൂലം നിർദേശവും നൽകി.