bell

കാസർകോട്: നാല് മാസമായി ജീവനക്കാർ ഒന്നടങ്കം പ്രത്യക്ഷ സമരം നടത്തുന്ന കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി സംസ്ഥാന സർക്കാരിന് കൈമാറുന്നതിനുള്ള വഴിതെളിഞ്ഞു. നിരന്തരമായ സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായി ഭെൽ ഇ.എം.എൽ കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. കേന്ദ്ര ഘന വകുപ്പ് മന്ത്രാലയം അനുമതി നൽകിയ കാര്യം ഭെൽ ജനറൽ മാനേജർ രാജേഷ് കൊഹ്ലി സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനെ ഇന്നലെയാണ് അറിയിച്ചത്.

ജീവനക്കാരുടെ നിയമ പോരാട്ടത്തോടൊപ്പം സി.ഐ.ടി.യു ദേശീയ നേതാവ് എളമരം കരീം, എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ളവർ ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കേന്ദ്ര അനുമതി ലഭിച്ചതിനാൽ അനന്തര നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിൽ പൂർത്തിയാക്കിയാൽ കമ്പനി എളുപ്പം തുറക്കാൻ കഴിയും.

സംസ്ഥാന സർക്കാരിന്റെ കീഴിൽ വരുന്നതോടെ പുതിയ ഡയറക്ടർ ബോർഡ് അടക്കം സർക്കാർ ഉണ്ടാക്കണം. ഭെല്ലിന്റെയും കേന്ദ്ര സർക്കാരിന്റെയും നാല് പേരും കേരള സർക്കാർ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണനും അടങ്ങുന്നതാണ് നിലവിലുള്ള ഡയറക്ടർ ബോർഡ്. കമ്പനി കൈമാറിയാൽ ഭെല്ലിന്റെ പേര് ഉപയോഗിക്കാൻ കഴിയില്ല. നാല് പേരെ ഉൾപ്പെടുത്തി പുതിയ ബോർഡ് ഉണ്ടാക്കുകയും വേണം. പ്രവർത്തന മൂലധനവും ജീവനക്കാരുടെ ശമ്പള കുടിശിക അടക്കം കണ്ടെത്തുകയും വേണ്ടിവരും. ജില്ലയിലെ ഏക പൊതുമേഖലാ കമ്പനിയുടെ ഓഹരി കൈമാറ്റ കരാർ സംസ്ഥാന സർക്കാർ അംഗീകരിച്ച് 2019 സപ്തംബർ ഒമ്പതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാതെ പലവിധ കാരണങ്ങളാൽ ഫയൽ കെട്ടികിടന്നതിനാൽ ഓഹരി കൈമാറ്റം വൈകുകയായിരുന്നു.

കൈമാറ്റ നടപടികൾ അനന്തമായി നീണ്ടതിനാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും കമ്പനി ഒരു വർഷത്തിലധികമായി അടച്ചിടുകയും ചെയ്തു. കൈമാറ്റനടപടികൾ പൂർത്തീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാത്തതിനാൽ കേന്ദ്ര സർക്കാരിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹരജിയിൽ വിധി നടപ്പാക്കിയില്ലെങ്കിൽ ജൂൺ ഒന്നിന് കേന്ദ്ര ഘന വ്യവസായ സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്ന ഉത്തരവ് നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നത്. കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പളമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി കഴിഞ്ഞ ജനുവരി 12 മുതൽ കാസർകോട് ഒപ്പുമരചുവട്ടിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തി വരികയാണ്.


മൂന്ന് സാദ്ധ്യതകൾ


1) പൊതുമേഖലാ സ്ഥാപനമായ കെല്ലിൽ ലയിപ്പിക്കാം.

2) പ്രത്യേക കമ്പനി രൂപീകരിച്ചു പ്രവർത്തനം തുടങ്ങാം

3) കേരളത്തിലെ മറ്റേതെങ്കിലും കമ്പനിയിൽ ലയിപ്പിക്കാം


ബൈറ്റ്


സർക്കാർ തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന് കരുതുന്നു. ഈ സ്ഥാപനം കെല്ലിൽ ലയിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആഗ്രഹം. സാങ്കേതികമായി നിരവധി കുരുക്കുകൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും.


വി. രത്നാകരൻ (സെക്രട്ടറി, സി.ഐ.ടി.യു ഭെൽ യൂണിയൻ)


കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ അനന്തര നടപടികൾ സംസ്ഥാന സർക്കാർ അടിയന്തിരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ സമരം ലക്ഷ്യം കാണുന്നതിൽ സന്തോഷമുണ്ട്.


കെ.പി. മുഹമ്മദ് അഷറഫ് (ജനറൽ കൺവീനർ, സംയുക്ത സമരസമിതി)