തിരുവനന്തപുരം : കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ നിരക്ക് സർക്കാർ നിശ്ചയിച്ചതിൽ പരാതിയുണ്ടെങ്കിലും സഹകരിക്കാൻ പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷന്റെ ഓൺലൈൻ യോഗം തീരുമാനിച്ചു. ശമ്പളം, അലവൻസ്, സുരക്ഷാ സംവിധാനങ്ങളുടെ വില എന്നിവ കണക്കിലെടുത്താൽ ഈ നിരക്ക് പ്രായോഗികമല്ലെന്ന് ആശുപത്രി ഉടമകൾ യോഗത്തിൽ പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് പരിഗണിക്കുമ്പോൾ ഈ സ്ഥിതി പറ്റില്ലെന്ന് അറിയിക്കും.
സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ വിതരണം പൂർണമായി നിലച്ചതിനാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെക്കിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങും. സ്വകാര്യ ആശുപത്രികൾ ഒരുമിച്ച് വാക‌്‌സിൻ വാങ്ങാനാണ് തീരുമാനം. സർക്കാർ വാക്സിൻ വാങ്ങി തങ്ങൾക്ക് നൽകിയാൽ വില നൽകാമെന്ന് അറിയിച്ചെങ്കിലും അനുകൂല മറുപടി ഇല്ല.
ഡിസ്ചാർജിന് നിർബന്ധിക്കുന്നതായി പരാതി
സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ നിർബന്ധിക്കുന്നതായി പരാതി. തിരുവനന്തപുരത്ത് കോർപറേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നുദിവസമായി ചികിത്സയിലുള്ള വൃദ്ധനെ ഇന്നലെ രാവിലെ മുതലാണ് ഡിസ്ചാർജിന് ആശുപത്രി അധികൃതർ നിർബന്ധിച്ചത്. മറ്റൊരിടത്തേക്ക് കൊണ്ടുപോകില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു. വൈകിട്ടോടെ രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും എത്രയും വേഗം കുത്തിവയ്പിന് 40,000 രൂപ അടയ്ക്കണമെന്നും നിർദ്ദേശിച്ചു. രാത്രിവൈകിയും പണം അടയ്ക്കാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല.