ana

കാട്ടാക്കട: മുന്നാറിൽ പരിക്കേറ്റ തള്ളയാനയോടൊപ്പം കണ്ടെത്തിയ കുട്ടിയാനയായ രാജുവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കോട്ടൂർ ആന പുനരധിവാസകേന്ദ്രത്തൽ എത്തിച്ചു. മുന്നാർ ഇടമലക്കുടിൽ ഇഡലിപ്പാറക്കുടിക്ക് സമീപം ആറ്റിൻകരയിലെ പാറയിടുക്കിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് രക്തം വാർന്ന നിലയിൽ പിടിയാനയേയും പരിക്കേറ്റ കുട്ടിയാനയേയും കണ്ടെത്തുകയായിരുന്നു. വനപാലകർ എത്തി ആനകളെ ശുശ്രൂഷിച്ചെങ്കിലും തള്ളയാനയെ രക്ഷിക്കാനായില്ല. ആനക്കുട്ടിയെ പ്രാഥമിക ശുശ്രൂഷകൾ നൽകി മൂന്നാറിലെ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ഈ കുട്ടിയാനയ്ക്ക് രാജുവെന്ന പേര് ലഭിച്ചത്.

തു‌ടർന്ന് ചൊവ്വാഴ്ച രാവിലെ 8.30ഓടെ മൂന്നാർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ,​ അസിസ്റ്രന്റ് വെറ്ററിനറി ഡോക്ടർ നിഷ റേച്ചൽ,​ മൂന്നാർ റേഞ്ച് ഓഫീസർ ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തൽ പത്തുമാസം പ്രായമുള്ള രാജുവിനെ കാപ്പുകാട്ടെത്തിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തെ തുടർന്ന് പരിചരണത്തിലിരിക്കെ മനുഷ്യരുമായി സമ്പർക്കം ഉണ്ടായിരുന്നതിനാൽ കാപ്പുകാട്ടെത്തിയപ്പോഴും രാജു അവിടെയുള്ളവരെ കണ്ട് ഭയപ്പെട്ടിരുന്നില്ല. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ നിഷ റേച്ചലിന്റെ പരിചരണത്തിലായിരുന്നതിനാൽ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെയാണ് രാജു റേച്ചലിനോട് ഇടപഴകിയത്. തുടർന്ന് രാജുവിനെ കാപ്പുകാട്ടെ നിരീക്ഷണ മുറിയിൽ എത്തിക്കുകയും ലാക്ടോജൻ നൽകുകയും ചെയ്തു. കാപ്പുകാട് ഡെപ്യൂട്ടി വാർഡൻ സതീശൻ, ഡെപ്യൂട്ടി റേഞ്ചർ രഞ്ജിത്ത് തുടങ്ങിയവർക്ക് വിശദീകരണം നൽകിയശേഷം കാപ്പുകാട് വനപാലക സംഘം രാജുവിനെ ഏറ്റുവാങ്ങി. രണ്ടാഴ്ചയോളം രാജു നിരീക്ഷണത്തിലായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ആനയായ എൺപത് വയസുള്ള സോമൻ ഉൾപ്പെടെ പതിനേഴ് ആനകളാണ് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഉള്ളത്. ഇവയിൽ പത്തെണ്ണം കുട്ടിയാനകളാണ്.